spot_imgspot_img

ഭക്തിയുടെ തലസ്ഥാനമായി അനന്തപുരി; പൊങ്കാലക്ക് മണിക്കൂറുകള്‍ മാത്രം; ഇക്കുറിയും ആകാശത്തുനിന്ന് പുഷ്പവൃഷ്ടിയുണ്ടാകും

Date:

spot_img

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലക്ക് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ഭക്തിയുടെ തലസ്ഥാനമായി അനന്തപുരി. ക്ഷേത്ര പരിസരത്തും ചുറ്റുപാടുകളിലും പൊങ്കാല അടുപ്പുകള്‍ നിരന്നു കഴിഞ്ഞു. പൊങ്കാലയ്ക്കായി വിദൂരദേശങ്ങളില്‍നിന്നുപോലും ഭക്തര്‍ ഇന്നലെ മുതല്‍ എത്തിത്തുടങ്ങി. ശരീരവും മനസ്സും അമ്മയില്‍ അര്‍പ്പിച്ച് പൊങ്കാല സമര്‍പ്പണത്തിനുള്ള നിമിഷത്തിനായുള്ള കാത്തിരിപ്പാണ് ഇനി. നാളെ രാവിലെ 10.30 ന് പണ്ടാര അടുപ്പില്‍ തീ പകരും. ഉച്ചയ്ക്ക് 2.30 നാണ് പൊങ്കാല നിവേദ്യം.

ഒരാഴ്ചയായി പൊങ്കാല ഉത്സവത്തിന്റെ തിരക്കിലായ ആറ്റുകാല്‍ ക്ഷേത്രം പൊങ്കാലയര്‍പ്പിക്കാന്‍ വിവിധ ദേശങ്ങളില്‍ നിന്നുള്ള ഭക്തരുടെ വരവു കൂടിയായതോടെ തിരക്കിന്റെ മൂര്‍ദ്ധന്യത്തിലാണ്. ഇന്നലെ രാവിലെ മുതല്‍ ആറ്റുകാല്‍ ക്ഷേത്രപരിസരവും ആറ്റുകാലില്‍ നിന്ന് അധികദൂരത്തിലല്ലാത്ത നഗരപ്രദേശങ്ങളും പൊങ്കാലയിടാനായി സ്ത്രീകള്‍ കൈയടക്കിക്കഴിഞ്ഞു. അടുപ്പകള്‍ സുരക്ഷിത സ്ഥാനത്ത് കൂട്ടുന്നതിന് സ്ഥലം കയറുകെട്ടിതിരിച്ചു തുടങ്ങി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഭവനങ്ങള്‍ കൂടാതെ സ്‌കൂള്‍ ഗ്രൗണ്ടുകള്‍, തണലുള്ള മറ്റ് പ്രദേശങ്ങള്‍, സര്‍ക്കാര്‍ ഓഫീസ് വളപ്പുകള്‍ എന്നിവിടങ്ങളില്‍ അടുപ്പു കൂട്ടുന്നതിനായി ഭക്തര്‍ കയര്‍ കെട്ടി ബുക്ക് ചെയ്തു.

പ്രദേശത്തെ വിവിധ റസിഡന്റ്‌സ് അസോസിയേഷന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ പൊങ്കാല ഭക്തരെ സഹായിക്കുന്നതിനുള്ള ഒരുക്കങ്ങളും നടത്തുന്നുണ്ട്. ക്ഷേത്രത്തിന് 10 കിലോമീറ്റര്‍ ചുറ്റളവിലെ 30 നഗരസഭാ വാര്‍ഡുകളാണ് പൊങ്കാല മേഖല. ആറ്റുകാല്‍, മണക്കാട്, കമലേശ്വരം, ഐരാണിമുട്ടം, ബണ്ട് റോഡ്, കാലടി, കരമന, കിള്ളിപ്പാലം, ശ്രീപദ്മനാഭസ്വാമി ക്ഷേത്ര പരിസരം തുടങ്ങി ക്ഷേത്രത്തോട് അടുത്ത സ്ഥലങ്ങളിലും കിഴക്കേകോട്ട മുതല്‍ കേശവദാസപുരം വരെയുള്ള എംജി റോഡിലുമായിരിക്കും കൂടുതല്‍ അടുപ്പുകള്‍ നിരക്കുക.

ഇതിനുപുറമേ ബൈപ്പാസിലും നഗരത്തിലെ മറ്റ് ഇടറോഡുകളിലും പൊങ്കാലയടുപ്പുകള്‍ നിരക്കും. റെയില്‍വേസ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലും അടുപ്പുകളുണ്ട്. നഗരപരിധിയിലുള്ള വിവിധ ക്ഷേത്ര ഭരണസമിതികളുടെ നേതൃത്വത്തിലും അതത് പ്രദേശത്ത് പൊങ്കാലയിടാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. പൊങ്കാലയര്‍പ്പിക്കാനെത്തുന്നവര്‍ക്ക് കുടിവെള്ളവും ഉച്ചഭക്ഷണവും വിവിധ സന്നദ്ധസംഘടനകളും ക്ലബുകളും റസിഡന്റ്‌സ് അസോസിയേഷനുകളും ആരാധനാലയങ്ങളും ഒരുക്കിയിട്ടുണ്ട്.

അതേസമയം, ആറ്റുകാലിലെ പൊങ്കാലനിവേദ്യത്തിനു മുന്‍പ് ഇക്കുറിയും ആകാശത്തുനിന്ന് പുഷ്പവൃഷ്ടിയുണ്ടാകും. ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിനുവേണ്ടി ചാക്കയിലെ രാജീവ്ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്നോളജിയിലെ വിമാനങ്ങളാണ് പൂക്കള്‍ വിതറുക. നാലുപതിറ്റാണ്ടായി തുടര്‍ന്നുവരുന്ന ഈ ചടങ്ങിനു തുടക്കമിട്ടത് ‘മഞ്ഞപ്പക്കി’ എന്നു നാട്ടുകാര്‍ വിളിച്ചിരുന്ന മഞ്ഞനിറം പൂശിയ പുഷ്പക്-സെസ്ന എഫ്.എ.-152 എന്ന വിമാനമാണ്. ഇത്തവണ പൂക്കളിടുന്നത് സെസ്ന 172-ആര്‍ എന്ന വിഭാഗത്തിലുള്ള മൂന്നു വിമാനങ്ങളാണ്. ഉച്ചയ്ക്ക് 2.30-നാണ് പൊങ്കാലനിവേദ്യം. ഇതിനു തൊട്ടുമുന്‍പായിരിക്കും ക്ഷേത്രവളപ്പിലെ ആകാശത്തും നഗരപരിധിയിലും വിമാനങ്ങളെത്തുക.

പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച് ഹരിത പൊങ്കാലയാണ് ഇത്തവണ നടത്തുകയെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. പൊങ്കാല ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്നും മേയര്‍ പറഞ്ഞു. റോഡുകളുടെയും വൈദ്യുതി ലൈനുകളുടെയും തെരുവു വിളക്കുകളുടേയും അറ്റകുറ്റപ്പണി, ശുചീകരണം, കുടിവെള്ള വിതരണം തുടങ്ങിയവയ്ക്കുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഭക്ഷണ, കുടിവെള്ള വിതരണം സുരക്ഷിതമാക്കുന്നതിനു പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പരിശോധനകള്‍ കര്‍ശനമാക്കി. കുടിവെള്ള വിതരണത്തിനായി 25 ടാങ്കര്‍ ലോറികളാണ് സജ്ജീകരിച്ചിരിക്കുന്നത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 2200 തൊഴിലാളികളെയും 130 സൂപ്പര്‍വൈസറി ഉദ്യോഗസ്ഥരെയും നിയോഗിച്ചു. പൊങ്കാല മാലിന്യങ്ങള്‍ നീക്കം ചെയ്ത ശേഷം രാത്രി 9 ന് നഗരത്തിലെ പ്രധാന വീഥികള്‍ കഴുകി വൃത്തിയാക്കും.

സുരക്ഷയ്ക്കായി മൂവായിരത്തിലേറെ പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. ക്ഷേത്രത്തില്‍ നിന്നുള്ള അറിയിപ്പുകള്‍ കേള്‍ക്കാന്‍ സാധിക്കാത്ത സ്ഥലങ്ങളില്‍ മൈക്കിലൂടെ പോലീസ് അറിയിപ്പും പ്രധാന പോയിന്റുകളില്‍ ആംബുലന്‍സ്, ഫയര്‍ എന്‍ജിന്‍ തുടങ്ങിയ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊങ്കാലയ്‌ക്കെത്തുന്ന ഭക്തര്‍ക്ക് മടങ്ങുന്നതിനായി കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകളും നടത്തുന്നുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു

തിരുവനന്തപുരം: കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മാതൃഭാവമുള്ള...

മുതുകാടിന്റെ അഞ്ചാം ഭാരതയാത്ര ‘ഇന്‍ക്ലൂസീവ് ഇന്ത്യ’ ഭിന്നശേഷി സമൂഹത്തിനായി

തിരുവനന്തപുരം: ഭിന്നശേഷി വിഭാഗത്തെ സാമൂഹ്യമായി ഉള്‍ച്ചേര്‍ക്കേണ്ടതിന്റെ (Social Inclusion) പ്രാധാന്യത്തെക്കുറിച്ച് ഭാരതത്തിലുടനീളം...

തിരുവനന്തപുരത്ത് ഊഞ്ഞാൽ ആടുന്നതിനിടെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞ് വീണ് നാലു വയസുകാരൻ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഊഞ്ഞാൽ ആടുന്നതിനിടെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞ് വീണ് നാലു...

നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

കൊച്ചി: നടി കവിയൂർ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. കൊച്ചിലെ സ്വകാര്യ...
Telegram
WhatsApp