തിരുവനന്തപുരം: സംസ്ഥാനത്ത് അതി ദാരിദ്ര്യം നിർമാർജനം ചെയ്യുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ അതിദരിദ്രരെ മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ അനിൽ, ആന്റണി രാജു എന്നിവർ നേരിൽ കാണും. കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തുകളുടെ തുടർച്ചയായുള്ള ജില്ലാതല അവലോകന യോഗത്തിൽ മന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. പരിപാടിയുടെ ഭാഗമായി താലൂക്ക് തലത്തിൽ അതി ദരിദ്രരുടെ പ്രത്യേക ക്യാമ്പുകൾ മന്ത്രിമാരുടെ സാന്നിധ്യത്തിൽ സംഘടിപ്പിക്കും.
ജനപ്രതിനിധികളും വിവിധ ഉദ്യോഗസ്ഥരും ക്യാമ്പിൽ പങ്കെടുക്കും. ജില്ലയിൽ ആകെ 7,278 പേരാണ് അതിദരിദ്രരുടെ പട്ടികയിൽപ്പെടുന്നത്. ഇതിൽ 6,226 പേർ ഗ്രാമപഞ്ചായത്ത് പ്രദേശത്തും 471 പേർ മുനിസിപ്പാലിറ്റികളിലും 591 പേർ കോർപ്പറേഷൻ പരിധിയിലും ആണ്. അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ഭാഗമായി അടിയന്തരാവശ്യങ്ങളായ ഭക്ഷണം, മരുന്ന്, പാർപ്പിടം എന്നിവ ആവശ്യമുള്ളവർക്ക് നൽകുന്നതിനായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു. ഭക്ഷണം ആവശ്യമായ 3,479 പേരിൽ 2,392 പേർക്ക് ഭക്ഷ്യധാന്യ കിറ്റായും പാചകം ചെയ്യാൻ കഴിയാത്ത 187 പേർക്ക് പാകം ചെയ്ത ഭക്ഷണവും നൽകി വരുന്നുണ്ട്. അതിദരിദ്ര കുടുംബങ്ങളിലെ സ്കൂൾ കുട്ടികളായി കണ്ടെത്തിയ 167 വിദ്യാർത്ഥികളിൽ എല്ലാവർക്കും തദ്ദേശസ്വയംഭരണ സ്ഥാപന ഭരണസമിതിയുടെ നേതൃത്വത്തിൽ ആവശ്യമായ പഠനോപകരണങ്ങൾ വിതരണം ചെയ്തിട്ടുണ്ട്.
വിവിധ അവകാശ രേഖകൾ ലഭ്യമാക്കുന്ന ‘അവകാശം അതിവേഗം’ പരിപാടിയുടെ ഭാഗമായി 338 പേർക്ക് ആധാർ കാർഡും 262 പേർക്ക് റേഷൻ കാർഡും 376 പേർക്ക് വോട്ടർ ഐഡിയും 160 പേർക്ക് ആരോഗ്യ ഇൻഷുറൻസ് കാർഡും 28 പേർക്ക് തൊഴിലുറപ്പ് കാർഡ് ആയ ജോബ് കാർഡും 58 പേർക്ക് സാമൂഹ്യ സുരക്ഷാ പെൻഷനും ലഭ്യമാക്കിയിട്ടുണ്ട്. അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ട 73 പേർക്ക് ലൈഫ് ഭവന പദ്ധതി പ്രകാരം വീട് നിർമ്മാണത്തിന് കരാർ വച്ച് പണി പുരോഗമിക്കുകയാണ്. അവകാശ രേഖകളിൽ 120 പേർക്ക് വോട്ടർ കാർഡ്, 118 പേർക്ക് ആധാർ കാർഡ്, 432 പേർക്ക് ആരോഗ്യസുരക്ഷാ കാർഡ്, 88 പേർക്ക് സാമൂഹ്യ സുരക്ഷ പെൻഷൻ, 58 പേർക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങിയവ വിവിധ കാരണങ്ങൾ മൂലം നൽകാൻ ബാക്കിയുണ്ട്.
ഇനിയും അവകാശരേഖകളും മറ്റു സഹായങ്ങളും ലഭ്യമാകാൻ ബാക്കിയുള്ള അതിദരിദ്രരെ മന്ത്രിമാർ നേരിൽ കണ്ട് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. അവലോകന യോഗത്തിൽ മന്ത്രിമാരെ കൂടാതെ ജില്ലാ കളക്ടർ ജെറോമിക് ജോർജ്, എ ഡി എം അനിൽ ജോസ്, സബ് കളക്ടർ അശ്വതി ശ്രീനിവാസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.