തിരുവനന്തപുരം: മലയോര മേഖലയിൽ പെരുമ്പാമ്പുകളുടെ ശല്യം രൂക്ഷമാകുന്നു. തലസ്ഥാനത്ത് പെരുമഴയും വെള്ളക്കെട്ടും വർധിച്ചതോടെയാണ് പെരുമ്പാമ്പ് ശല്യം വർധിച്ചത്. മലയോരമേഖലകളായ അമ്പൂരി, വെള്ളനാട്, കുറ്റിച്ചൽ, ആര്യനാട് തുടങ്ങിയ ഭാഗങ്ങളിലാണ് ഇവയുടെ ശല്യം കൂടുതലായിട്ടുള്ളത്.
ഒരാഴ്ചക്കിടെ പത്തോളം പെരുമ്പാമ്പുകളെയാണ് വനം വകുപ്പ് ആർ ആർ ടി അംഗം റോഷ്നി ജി എസ് പിടികൂടിയത്. ഇന്നലെ രാത്രി 11 മണിയോടെ വെള്ളനാട് നിന്നും കുളപ്പടയിൽ നിന്നും രണ്ട് പെരുമ്പാമ്പുകളെയാണ് പിടികൂടിയത്. പാമ്പിന് 35 കിലയോളം ഭാരവും 14 അടിയോളം നീളവും വരും.
വെള്ളനാട് സ്വദേശിനി ജയയുടെ പുരയിടത്തിൽ നിന്നാണ് ഒരെണ്ണത്തെ പിടികൂടിയത്. കുളപ്പടയിൽ റോഡരികിൽ നിന്നും സമീപത്തെ പുരയിടത്തിൽ കയറുന്നതിനിടെയാണ് രണ്ടാമത്തേതിനെ പിടികൂടിയത്. രണ്ടിടങ്ങളിൽ നിന്നും പിടികൂടിയ പെരുമ്പാമ്പുകളെ വന്ന വകുപ്പ് ആസ്ഥാനത്തേക്ക് കൊണ്ട് പോയി.