പത്തനംതിട്ട: ശബരിമലയിൽ ഇന്നും വൻ ഭക്തജന തിരക്ക് അനുഭവപ്പെടാൻ സാധ്യത. വൃശ്ചികം ഒന്നിന് 45,000-ൽ അധികം ഭക്തരാണ് ശബരിമലയിലെത്തി ദർശനം നടത്തി മടങ്ങിയത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്നും വലിയ തോതിലുള്ള ഭക്തജന തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
ഇന്ന് പുലര്‍ച്ചെ 2.30 ന് പള്ളി ഉണര്‍ത്തലും തുടര്‍ന്ന് 3 മണിയ്ക്ക് നട തുറക്കുകയും ചെയ്തു. ഇന്നലെ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ പുതിയ മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരിയാണ് ശ്രീകോവിൽ നട തുറന്നത്.
ഡിസംബർ 27 വരെ പൂജകൾ ഉണ്ടാകും. ഡിസംബർ 27നാണ് മണ്ഡല പൂജ. അന്നു രാത്രി 10ന് നട അടയ്ക്കും. ഇതുവരെയുള്ള ദിവസങ്ങളിൽ പുലർച്ചെ നാലിന് നട തുറക്കുകയും ഉച്ചയ്ക്ക് ഒരു മണിക്ക് അടയ്ക്കുകയും ചെയ്യും. തുടർന്ന് വൈകിട്ട് നാലിന് വീണ്ടും തുറന്ന ശേഷം രാത്രി 11ന് അടയ്ക്കും. ജനുവരി 15നാണ് മകരവിളക്ക്.