പത്തനംതിട്ട: ശബരിമലയിലെ തീർഥാടകർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്കെതിരെ പ്രതികരണവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. ശബരിമല തീർഥാടനം അട്ടിമറിക്കപ്പെട്ടെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. ഭക്തർ നരകയാതനയാണ് അനുഭവിക്കുന്നതെന്നും സർക്കാർ തീർത്ഥാടകരോട് ചെയ്യുന്നത് പരമദ്രോഹമെന്നും അദ്ദേഹം ആരോപിച്ചു.
ദേവസ്വം ബോർഡും പോലീസും തമ്മിൽ ശീതസമരമാണ് ശബരിമലയിൽ നടക്കുന്നത്. ഭക്തർക്ക് കുടിവെള്ളം പോലും കിട്ടുന്നില്ല.സർക്കാർ ഇങ്ങനെ ഇതിനെ കൈകാര്യം ചെയ്യാൻ ആണ് ഉദ്ദേശമെങ്കിൽ വലിയ സമരങ്ങളിലേക്ക് ബിജെപി കടക്കുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
എന്നാൽ തിരക്ക് നിയന്ത്രിക്കാനായെന്നും പല വഴികളിലൂടെ എത്തുന്ന ഭക്തരെ നിയന്ത്രിക്കാനാവില്ലെന്നുമാണ് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ പ്രതികരിച്ചത്. അതെ സമയം ശബരിമലയിലെ തിരക്കിനെ കുറിച്ചടക്കമുളള തീർത്ഥാടകരുടെ പരാതി പഠിക്കാൻ അഭിഭാഷക സംഘത്തെ നിയോഗിക്കുന്നത് ഹൈക്കോടതി പരിഗണനയിൽ. 12 അംഗ അഭിഭാഷക സംഘത്തെ അയക്കാനാണ് ഹൈക്കോടതി നീക്കം.