തിരുവനന്തപുരം: നവാഗത സംവിധായകരുള്‍പ്പെടെയുള്ളവര്‍ക്ക് അവരുടെ സൃഷ്ടികളെ രാജ്യാന്തര സംവിധായകര്‍ക്കും പ്രൊഡക്ഷന്‍ ഹൗസുകള്‍ക്കും പരിചയപ്പെടുത്തുന്നതിനും നിര്‍മാതാക്കള്‍ക്ക് രാജ്യാന്തര വിതരണക്കാരേയും ഫെസ്റ്റിവല്‍ ക്യൂറേറ്റര്‍മാരേയും കണ്ടെത്തുന്നതിനും കേരള ഫിലിം മാർക്കറ്റിന് തുടക്കമായി. മന്ത്രി സജി ചെറിയാൻ ഓണലൈനായി മാർക്കറ്റ് ഉദ്ഘാടനം ചെയ്തു . മലയാള സിനിമയ്ക്ക് പുതിയ ഉയരങ്ങൾ സമ്മാനിക്കാൻ കേരളഫിലിം മാർക്കറ്റിനു കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.നിർമാതാക്കൾക്ക് ആഗോള മാർക്കറ്റ് ലക്ഷ്യമിട്ടുള്ള ചലച്ചിത്ര നിർമ്മാണം സാധ്യമാക്കുന്നതിനും ഇത് സഹായിക്കുമെന്നും ഈ സംവിധാനം അടുത്തവർഷം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ്ചെയർമാൻ സയീദ് അഖ്തർ മിർസ, സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ കരുൺ ,എം.ഡി. കെ വി അബ്ദുൽ മാലിക്ക്,ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി .അജോയ് ഫെസ്റ്റിവൽ ക്യുറേറ്റർ ഗോൾഡ സെല്ലം, നിർമാതാക്കളായ സുരേഷ് കുമാർ, രവി കൊട്ടാരക്കര ,തിരക്കഥാകൃത്ത് അഞ്ചും രാജബലി എന്നിവർ പങ്കെടുത്തു.
നവാഗത സംവിധായകരുള്‍പ്പെടെയുള്ളവര്‍ക്ക് അവരുടെ സൃഷ്ടികളെ രാജ്യാന്തര സംവിധായകര്‍ക്കും പ്രൊഡക്ഷന്‍ ഹൗസുകള്‍ക്കും പരിചയപ്പെടുത്തുന്നതിനും നിര്‍മാതാക്കള്‍ക്ക് രാജ്യാന്തര വിതരണക്കാരേയും ഫെസ്റ്റിവല്‍ ക്യൂറേറ്റര്‍മാരേയും കണ്ടെത്തുന്നതിനുമുള്ള ചർച്ചകളും , മാസ്റ്റർ ക്‌ളാസുകൾ ,സെമിനാറുകളുമാണ് ഫിലിം മാർക്കറ്റിൽ പ്രധാനമായും നടക്കുന്നത്. മാർക്കറ്റ് ബുധനാഴ്ച സമാപിയ്ക്കും .
ചലച്ചിത്ര മേഖലയിലെ നൂതന സാങ്കേതിക ഉപകരണങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുന്ന ഫിലിം എക്‌സ്‌പോ, സംവിധായകര്‍ക്ക് തങ്ങളുടെ സിനിമകളെ ക്യൂറേറ്റര്‍മാര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും മുന്‍പില്‍ അവതരിപ്പിക്കുന്ന മാര്‍ക്കറ്റ് സ്‌ക്രീന്‍, ദൃശ്യമാധ്യമങ്ങള്‍ക്ക് സാങ്കേതിക മികവോടെ അഭിമുഖം എടുക്കാനാവശ്യമായ താത്കാലിക സ്റ്റുഡിയോ സംവിധാനം എന്നിവയും മേളയുടെ പ്രധാന വേദിയായ ടാഗോര്‍ തിയേറ്ററില്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ഒരുക്കിയിട്ടുണ്ട്