തിരുവനന്തപുരം: സ്ത്രീപക്ഷ കാഴ്ചപ്പാടുകൾ സിനിമയിൽ അവതരിപ്പിക്കേണ്ടത് സ്ത്രീകളുടെ മാത്രം ചുമതലയല്ലന്നും പുരുഷൻറെ വിലയിരുത്തലിലെ സ്ത്രീപക്ഷമാണ് സിനിമകളിൽ അവതരിപ്പിച്ചിട്ടുള്ളതെന്നും ഓപ്പൺ ഫോറം . യഥാർത്ഥ സ്ത്രീ പക്ഷം പുരുഷന്മാർ പറയാത്തതുകൊണ്ടാണ് സ്ത്രീകൾക്ക് സ്വന്തം പക്ഷം പറഞ്ഞ് സിനിമ ചെയ്യേണ്ടി വരുന്നതെന്നും ശ്രുതി ശരണ്യം പറഞ്ഞു.
സിനിമയിലെ പ്രണയവും ലൈംഗികതയുമെല്ലാം പുരുഷന്റെ കാഴ്ചപ്പാടുകൾ മാത്രമായി ചുരുങ്ങുകയാണെന്നു ജപ്പാനീസ് ക്യൂറേറ്റർ കികി ഫുങ് പറഞ്ഞു. സ്ത്രീ നോട്ടം മാത്രമല്ല പുരുഷ നോട്ടവും ചർച്ച ആകണമെന്ന് നാതാലിയ ശ്യാം പറഞ്ഞു.
ശരീര രാഷ്ട്രീയം ചർച്ച ചെയ്യേണ്ട വിഷയമാണെന്നും സ്ത്രീകളെ എങ്ങനെ സ്‌ക്രീനിൽ പുരുഷൻ അവതരിപ്പിക്കുന്നു എന്നത് പ്രസക്തമാണെന്നും ജൂറി അംഗം മാര മാറ്റ പറഞ്ഞു. സിനിമയുടെ സാങ്കേതിക മേഖലയിലേക്ക് കൂടുതൽ സ്ത്രീകൾ കടന്ന് വരണമെന്ന് വിധു വിൻസെന്റ് പറഞ്ഞു. ശ്രേയ ശ്രീകുമാർ ,
സംഗീത ചേനംപുള്ളി തുടങ്ങിയവർ പങ്കെടുത്തു.