തിരുവനന്തപുരം:ക്രിസ്തുമസ്-പുതുവർഷ സീസണിൽ ലഹരിക്കടത്തിന് തടയിട്ട് എക്സൈസിന്റെ സ്പെഷ്യൽ ഡ്രൈവ്. ഡിസംബർ 5 മുതൽ ജനുവരി 3 വരെ നടന്ന ഡ്രൈവിൽ 10,144 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്.
ഇതിൽ 854 മയക്കുമരുന്ന് കേസുകളും 1482 അബ്കാരി കേസുകൾ 7808 പുകയില കേസുകളുമാണ്. മാത്രമല്ല വിവിധ കേസുകളുമായി ബന്ധപ്പെട്ട് 2049 അറസ്റ്റിലായി. 3.87 കോടി മൂല്യമുള്ള മയക്കുമരുന്നാണ് ഡ്രൈവിനിടെ പിടിച്ചെടുത്തത്. കൂടാതെ 55.67 ലക്ഷം രൂപയുടെ മദ്യവും പിടിച്ചെടുത്തു. 13,326 റെയ്ഡുകളാണ് എക്സൈസിന്റെ സ്പെഷ്യൽ ഡ്രൈവിൽ നടത്തിയത്.
1,33,978 വാഹന പരിശോധനകൾ നടത്തിയതിൽ 132 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. 15.61 ലക്ഷം രൂപയാണ് പുകയില കേസുകളിൽ ചുമത്തിയ പിഴ. കൂടാതെ 575.39 ഗ്രാം എം ഡി എം എയും 168.49 കിലോ കഞ്ചാവും 29.48 ഗ്രാം മെത്താംഫിറ്റമിനും 186.77 ഗ്രാം ഹാഷിഷ് ഓയിലും, 23.44 ഗ്രാം ഹെറോയിൻ തുടങ്ങി നിരവധി മയക്കുമരുന്നുകളും പിടിച്ചെടുത്തു.