തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ വീട് കയറി അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെയാണ് വൻ പ്രതിഷേധം നടക്കുന്നത്. ഭീകരവാദിയോട് എന്ന പോലെയാണ് പൊലീസ് രാഹുലിനോട് പെരുമാറിയതെന്നും വീട് മൊത്തം പൊലീസ് വളയുകയായിരുന്നുവെന്നും സഹപ്രവർത്തകർ ആരോപിക്കുന്നു.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിൽ യൂത്ത് കോൺഗ്രസ് പൊലീസ് വാഹനം തടഞ്ഞ് പ്രതിഷേധിച്ചു. പൊലീസ് വാഹനം തടഞ്ഞ പ്രവർത്തകരെ ബലം പ്രയോഗിച്ചാണ് നീക്കിയത്.
സെക്രട്ടേറിയറ്റ് മാർച്ച് അക്രമക്കേസിൽ ഇന്ന് പുലർച്ചെയാണ് കന്റോൺമെൻറ് പൊലീസ് അടൂരിലെ വീട്ടിലെത്തി രാഹുലിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങൾ അലയടിച്ചു. കണ്ണൂരിൽ യൂത്ത് കോൺഗ്രസ് റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തി.പാലക്കാട് ടൗൺ സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. പത്തനംതിട്ടയിലും ഇടുക്കിയിലും തൃശ്ശൂരിലും കോട്ടയത്തും പ്രതിഷേധവും കൊല്ലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിക്കുകയും ചെയ്തു.