തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വികസന പദ്ധതികൾ വിലയിരുത്തുന്നതിനായി ജില്ലാ വികസന സമിതി യോഗം ചേർന്നു. വട്ടിയൂർക്കാവ് ജങ്ഷന്റെയും അനുബന്ധ റോഡുകളുടെയും വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാക്കണമെന്ന് യോഗത്തിൽ വി.കെ പ്രശാന്ത് എം.എൽ.എ ആവശ്യപ്പെട്ടു.
പേരൂർക്കട ജില്ലാ ആശുപത്രിയിൽ പോർട്ടബിൾ എക്സ്റേ യന്ത്രം വാങ്ങുന്നതിന് എം.എൽ.എ ഫണ്ടിൽ നിന്നും പണം അനുവദിച്ചിട്ടുണ്ട്. എക്സ്റേ യന്ത്രം വാങ്ങുന്നതിനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനും എം.എൽ.എ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. നഗരപരിധിയിലെ റോഡുകളിൽ ട്രാഫിക് സിഗ്‌നൽ ലൈറ്റുകളും വഴിവിളക്കുകളും കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കുടപ്പനക്കുന്ന് ഭാഗത്തെ വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി പേരൂർക്കടയിൽ സബ് സ്റ്റേഷൻ സ്ഥാപിക്കുന്ന നടപടിയും വേഗത്തിലാക്കണം. പേരൂർക്കട മേൽപ്പാലം നിർമാണം വേഗത്തിലാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന നടത്തുമെന്നും എം.എൽ.എ പറഞ്ഞു.
മണ്ഡലത്തിലെ സ്‌കൂളുകളുടെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്നും കുടപ്പനക്കുന്ന് കളക്ടറേറ്റ് ജംഗ്ഷൻ വികസനം ഫെബ്രുവരി 28ന് മുമ്പ് പൂർത്തിയാക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. ജില്ലയിലെ മറ്റ് വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനും യോഗത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എൽ.ആർ ഡെപ്യൂട്ടി കളക്ടർ സജി കുമാർ എസ്.എൽ അധ്യക്ഷനായിരുന്നു. ജില്ലാ പ്ലാനിംഗ് ഓഫീസർ വി.എസ് ബിജു, എം.പിമാരുടെയും എം.എൽ.എമാരുടെയും പ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവരും സംബന്ധിച്ചു.