തിരുവനന്തപുരം: സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ തിരുവനന്തപുരം ജില്ലാ അദാലത്തിന്റെ ആദ്യ ദിനം 38 പരാതികൾ തീർപ്പാക്കി. കമ്മീഷൻ ചെയർമാൻ ശേഖരൻ മിനിയോടന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്തിലെ ഇം.എം.എസ് സ്മാരക ഹാളിൽ നടന്ന അദാലത്തിൽ 81 പരാതികളാണ് പരിഗണിച്ചത്. മറ്റ് പരാതികൾ ഹിയറിങ്ങിനായി മാറ്റി. വെള്ളിയാഴ്ച വരെയാണ് അദാലത്ത് നടക്കുന്നത്. വിവിധ വിഷയങ്ങളിൽ കമ്മീഷൻ മുൻപാകെ സമർപ്പിച്ചിട്ടുള്ളതും, വിചാരണയിൽ ഇരിക്കുന്നതുമായ കേസുകളിലെ പരാതികളാണ് അദാലത്തിൽ തീർപ്പാക്കുന്നത്. പുതിയ പരാതികൾ സ്വീകരിക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും.
മെമ്പർമാരായ സേതുനാരായണൻ, ടി കെ വാസു എന്നിവർ നേതൃത്വം നൽകിയ ജില്ലാ അദാലത്തിൽ കമ്മീഷൻ രജിസ്ട്രാർ ലീനാ ലിറ്റി.ഡി, സെക്ഷൻ ഓഫീസർമാരായ വിനോദ് കുമാർ.വി, ആശ, നൈറ്റിംഗൽ സക്കറിയ, ബന്ധപ്പെട്ട പോലീസ് ഓഫീസർമാർ, റവന്യൂ, വനം, വിദ്യാഭ്യാസം, പഞ്ചായത്ത്, ആരോഗ്യം, സഹകരണം, പട്ടികജാതി പട്ടികവർഗ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.