ഡൽഹി: രാജ്യതലസ്ഥാനത്ത് കനത്ത പ്രതിഷേധവുമായി എ എ പി പ്രവർത്തകർ. ഡൽഹി മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റിനെ തുടർന്നാണ് രാജ്യവ്യാപക പ്രതിഷേധങ്ങൾ നടക്കുന്നത്. ഇതിനിടെ ഐടിഒ പരിസരത്ത് നിന്ന് ബിജെപി ഓഫീസിലേക്ക് മാർച്ചിനൊരുങ്ങിയ ആം ആദ്മി പ്രവർത്തകരെ പൊലീസ് തടഞ്ഞത് വന്‍ സംഘര്‍ഷത്തിന് ഇടയാക്കി. മന്ത്രിമാരായ അതിഷിയുടെയും സൗരഭ് ഭരദ്വാജിന്‍റെയും നേതൃത്വത്തിലായിരുന്നു ബിജെപി ഓഫീസിലേക്ക് മാർച്ച് നടത്തിയത്. അതിഷി അടക്കമുള്ള നേതാക്കളെയും പ്രവർത്തകരെയും പോലീസ് കസ്റ്റഡിയിൽ എടുത്തു.
മാത്രമല്ല റോഡില്‍ കിടന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സമരം കണക്കിലെടുത്തു ഡൽഹി യിലെ പ്രധാന പാതകൾ ബാരിക്കേഡ് ഉയർത്തി അടച്ചു. പ്രതിഷേധത്തെ തുടർന്ന് ഡൽഹിയിൽ ഗതാഗതം സ്തംഭിച്ചു. സംഘർഷാവസ്ഥ കണക്കിലെടുത്ത് ഡൽഹിയിൽ ദ്രുതകർമ സേനയെ ഉൾപ്പെടെ വിന്യസിച്ചു.
ഡൽഹി ഐടിഒ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് കെജ്‌രിവാളിനെ ഇ.ഡി. അറസ്റ്റ് ചെയ്തത്. ആ സമയം മുതൽ വലിയ പ്രതിഷേധങ്ങൾക്കാണ് ഡൽഹി സാക്ഷ്യം വഹിക്കുന്നത്.