തിരുവനന്തപുരം : ഭരണഘടനക്ക് എതിരായ വിവാദ പ്രസംഗത്തെ തുടർന്ന് മന്ത്രി സജി ചെറിയാനെ വിമർശിച്ച് വിവിധ നേതാക്കൾ രംഗത്ത്. കോൺഗ്രസ്സും ബിജെപിയും വിവാദ പ്രസംഗത്തെ സിപിഎം നെതിരായ പൊതുനിലപാടായാണ് കാണുന്നത്. സ്വർണക്കടത്ത് കേസിലും മറ്റും സിപിഎംനെതിരായുള്ള നിയമപരമായ നീക്കങ്ങളുടെ മെല്ലെപോക്ക് മൂലം ഇപ്പോളുയർന്നിട്ടുള്ള സജി ചെറിയനെതിരെയുള്ള വികാരം വജ്രായുധമായി പ്രയോഗിക്കുകയാണ് കോൺഗ്രസ്സും ബിജെപിയും.
സജി ചെറിയാൻ നടത്തിയ പ്രസംഗം ഗുരുതരമായ സത്യപ്രതിജ്ഞ ലംഘനമാണെന്നും സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. എന്നാൽ സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കാനുള്ള നടപടികൾ സ്വീകരിച്ചില്ലെങ്കിൽ നിയമപരമായി തങ്ങൾ മുന്നോട്ട് പോകുമെന്നാണ് പ്രതിപക്ഷ നേതാവായ വി ഡി സതീശൻ പറഞ്ഞിരിക്കുന്നത്.
ഭരണഘടനയെ തകർക്കാൻ തക്കം പാർത്തിരിക്കുന്ന സംഘപരിവാറിന് പരസ്യമായ പിന്തുണ നൽകുകയാണ് സജി ചെറിയാനെന്നാണ് കോൺഗ്രസ് നേതാവായ വി ടി ബൽറാം തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. മല്ലപ്പള്ളിയിൽ നടത്തിയ പരാമർശം ഗൗരവമായ നിരീക്ഷണത്തിനു വിധേയമാക്കിയിരിക്കുകയാണെന്നു ഗവർണറും പറയുകയുണ്ടായി. പ്രസ്തുത വിവാദ വിഷയത്തെ തുടർന്ന് മന്ത്രി സജി ചെറിയാനോട് മുഖ്യമന്ത്രി ഇതിനോടകം വിശദീകരണവും തേടിയിട്ടുണ്ട്.