തിരുവനന്തപുരം : ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തില്‍ ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം പ്രസിഡന്റ് പി. മുരളി നിര്‍വഹിച്ചു. കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങളും നടീല്‍ വസ്തുക്കളും പ്രദര്‍ശിപ്പിക്കുന്നതിനും ഇടനിലക്കാരില്ലാതെ ന്യായമായ വിലയ്ക്ക് വില്‍ക്കുന്നതിനും ചന്ത പ്രയോജനപ്പെടും. കേരളത്തിന്റെ തനത് കാര്‍ഷിക സംസ്‌കാരത്തിന്റെ ഭാഗമായ ഞാറ്റുവേലകളെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ചിറയിന്‍കീഴ്പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ ഞാറ്റുവേല ചന്തയൊരുക്കിയതെന്ന് പ്രസിഡന്റ് പറഞ്ഞു.
പരിപാടിയില്‍ പങ്കെടുത്ത എല്ലാ കര്‍ഷകര്‍ക്കും ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി പ്രകാരം പച്ചക്കറി തൈകളും വിത്തുകളും സൗജന്യമായി വിതരണം ചെയ്തു. കൂടാതെ വിവിധ വിത്തുകളുടെയും തൈകളുടെയും നടീല്‍ വസ്തുക്കളുടെയും ജൈവ പച്ചക്കറികളുടെയും വില്പനയും പ്രദര്‍ശനവും ഒരുക്കിയിരുന്നു. ആഴ്ചചന്തയും മികച്ച രീതിയില്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കൃഷിഭവന്‍ അങ്കണത്തില്‍ നടന്ന പരിപാടിയില്‍സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്മാരായ എം. എ വാഹിദ്, രേണുക മാധവന്‍, പി. മണികണ്ഠന്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍എ. നൗഷാദ്, കൃഷി ഓഫീസര്‍ അനില്‍കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.