ലണ്ടന്‍: യുകെയില്‍ ധന, ആരോഗ്യ മന്ത്രിമാരായ ഋഷി സനക്കും സാജിദ് ജാവിദും രാജിവച്ചു. ഇരുവരും പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ മന്ത്രിസഭയിലെ പ്രധാന അംഗങ്ങളാണ്. സര്‍ക്കാര്‍ വിടുന്നതില്‍ ദുഃഖമുെണ്ടന്നും എന്നാല്‍ ഇതേ രീതിയില്‍ തുടരാനാവില്ലെന്നും സനക് തന്റെ കത്തില്‍ പറഞ്ഞു. ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായി ഭരിക്കാനുള്ള ജോണ്‍സന്റെ കഴിവില്‍ തനിക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ജാവിദ് പ്രതികരിച്ചു.
നിയമനിര്‍മ്മാതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും വിശ്വാസം നഷ്ടപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
ബോറിസ് ജോണ്‍സന്റെ ഭാര്യ കാരി ജോണ്‍സന്റെ അടുത്ത സുഹൃത്തുകൂടിയാണ് ജാവിദ്, അദ്ദേഹം കമ്മ്യുണിറ്റീസ് സെക്രട്ടറി ആയിരുന്ന സമയത്ത് കാരിയെ പ്രത്യേക ഉപദേഷ്ടാവായി നിയമിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരില്‍ നിന്നും സാജിദ് ജാവിദ് രാജി വയ്ക്കുന്നത്. നേരത്തേ 2020-ല്‍ തന്റെ സംഘത്തിലെ ചിലരെ മാറ്റാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ചാന്‍സലര്‍ പദവി അദ്ദേഹം രാജിവച്ചിരുന്നു.
ഇനിയും ഈ സര്‍ക്കാരില്‍ ആരോഗ്യ സേക്രട്ടറിയായി തുടരാന്‍ തന്റെ ധാര്‍മ്മിക ബോധം അനുവദിക്കുന്നില്ല എന്നാണ് ട്വീറ്ററിലൂടെ പുറത്തുവിട്ട രാജിക്കത്തില്‍ ജാവിദ് പറഞ്ഞിരിക്കുന്നത്. പ്രധാനമന്ത്രിയും രാജിവയ്ക്കുന്നതാണ് ഉത്തമം എന്നും അദ്ദേഹം പറഞ്ഞു.