തിരുവനന്തപുരം: അന്തരിച്ച ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയോടുള്ള ആദരസൂചകമായി രാജ്യത്ത് ഇന്ന് ഔദ്യോഗിക ദുഃഖാചരണം. ഇതിന്റെ ഭാഗമായി ദേശീയപതാക പതിവായി പാറിപ്പറക്കുന്നയിടങ്ങളില്‍ പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗിക ആഘോഷ പരിപാടികളൊന്നും ഉണ്ടാകില്ല. ഇതു സംബന്ധിച്ച് പൊതുഭരണ വകുപ്പ് ജില്ലാ കളക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതിനിടെ ഷിന്‍സോ ആബെയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. തെട്‌സുയ യമഗമി എന്നയാളാണ് വെടിവച്ചത്. ആബെയുടെ കാര്യത്തില്‍ താന്‍ അസംതൃപ്തനായിരുന്നുവെന്നും അതുകൊണ്ടാണ് കൊന്നതെന്നും അക്രമി മൊഴി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇയാള്‍ മുന്‍ ജപ്പാന്‍ നാവികസേനാംഗമാണെന്നാണ് വിവരം. ജപ്പാന്‍ പ്രാദേശിക സമയം 11 മണിയോടെയായിരുന്നു ആക്രമണം. ആശുപത്രിയിലെത്തിച്ച് ഏഴ് മണിക്കൂറിനു ശേഷമാണ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സംഭവം നടന്നയുടന്‍ ഭരണ കക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കളും പ്രചരണപരിപാടികള്‍ റദ്ദാക്കി ആശുപത്രിയിലെത്തിയിരുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള പ്രചരണങ്ങള്‍ക്കിടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്. വെടിയേറ്റ് ആബെ വീഴുന്നതിന്റെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓടിയടുക്കുന്നതിന്റെയും വീഡിയോ എന്‍എച്ച്‌കെ ടിവി പുറത്തുവിട്ടിട്ടുണ്ട്. ലോകത്ത് ഏറ്റവും കടുത്ത തോക്ക് നിയന്ത്രണ നിയമങ്ങള്‍ നിലവിലുള്ള രാജ്യം കൂടിയാണ് ജപ്പാന്‍.