തിരുവനന്തപുരം: സംസ്ഥാനത്തെ സപ്പ്ളൈകോ സ്റ്റോറുകളില്‍ സബ്‌സിഡി ഉത്പന്നങ്ങള്‍ ഉറപ്പാക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി. ആര്‍ അനില്‍ പറഞ്ഞു. പ്രത്യേക ഫോണ്‍ ഇന്‍ പരിപാടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു മണിക്കൂര്‍ നീണ്ട ഫോണ്‍ ഇന്‍ പരിപാടിയില്‍ ആകെ 24 പേരാണ് വിവിധ ആവശ്യങ്ങള്‍ക്കായി മന്ത്രിയെ വിളിച്ചത്. റേഷന്‍ കാര്‍ഡ് ബി.പി.എല്‍ വിഭാഗത്തിലേക്ക് മാറ്റണമെന്നതായിരുന്നു ഭൂരിപക്ഷം പേരുടെയും ആവശ്യം. കാഴ്ച പരിമിതിയുള്ള തുവ്വൂര്‍ സ്വദേശി നിലവിലുള്ള ബി പി എല്‍ കാര്‍ഡ് എ .എ. വൈ വിഭാഗത്തിലേക്ക് മാറ്റി നല്‍കണമെന്ന ആവശ്യമുന്നയിച്ചു. ഗുരുതര പ്രതിസന്ധികള്‍ അനുഭവിക്കുന്നവരുടെ അപേക്ഷ പ്രത്യേകമായി പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.
ജൂണ്‍ മാസത്തില്‍ നടന്ന ഫോണ്‍ ഇന്‍ പരിപാടിയില്‍ ലഭിച്ച 25 പരാതികളില്‍ 23 എണ്ണം മുന്‍ഗണനാ കാര്‍ഡ് ലഭിക്കുന്നതിനും രണ്ടെണ്ണം എ ആര്‍ ഡി ലൈസന്‍സ് ലഭിക്കുന്നതിനുമായിരുന്നു. ഇതില്‍ അര്‍ഹരായ രണ്ടു പേര്‍ക്ക് പി.എച്ച്.എച്ച് കാര്‍ഡ് ലഭ്യമാക്കി. 9 അപേക്ഷകള്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയില്ലാത്തതിനാല്‍ നിരസിച്ചു. അപേക്ഷ നല്‍കാതെ ഫോണ്‍ ഇന്‍ പരിപാടിയില്‍ മാത്രം ആവശ്യമുന്നയിച്ചവരോട് അപേക്ഷ നല്‍കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.