അട്ടപ്പാടി : അട്ടപ്പാടിയിലെ വിദൂര ഗ്രാമമായ മുരുഗള ഊരിൽ നിന്നും പിതാവ് കുഞ്ഞിന്റെ മൃതദേഹവുമായി നടന്നത് ഒന്നര കിലോമീറ്റർ ദൂരം. സംഭവത്തെ തുടർന്ന് അടിയന്തര സന്ദർശനം നടത്താൻ നിർദേശിച്ചിരിക്കുകയാണ് മന്ത്രി കെ രാധാകൃഷ്ണൻ. റിസേർവ് വനമേഖലയിലുള്ള ഈ സ്ഥലം റോഡിൽ നിന്നും ഒന്നര കിലോമീറ്റർ മാറി നിൽക്കുന്ന കാട്ടുപ്രദേശമാണ്.
കലക്റ്റർ മുൺമൃയി ജോഷിയും ഡെപ്യൂട്ടി ഡയറക്റ്റർ കെ കൃഷ്ണ പ്രകാശും ആണ് സന്ദർശനം നടത്തുക. മുക്കാലിയിൽ നിന്നും എട്ടുകിലോമീറ്റർ ദൂരെ തടിക്കുണ്ട് വരെ റോഡ് സൗകര്യമുണ്ട്. തുടർന്ന് ഭവാനിപ്പുഴക്ക് കുറുകെ പട്ടിക വർഗ വകുപ്പ് നിർമിച്ച തൂക്കുപാലം കടന്നു വേണം മുരുഗലയിലെത്താൻ. അയ്യപ്പൻ സരസ്വതി ദമ്പതികളുടെ നാലുമാസം പ്രായമുള്ള കുഞ്ഞ് സജിനേശ്വരിയാണ് മരിച്ചത്.