തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വൃക്കരോഗിയുടെ കാലിൽ എലി കടിച്ചു. ഇടതു കാലിലെ രണ്ടു വിരലുകൾക്കു സാരമായി പരിക്കേറ്റു. തീവ്രപരിചരണ വിഭാഗത്തിലെ ഒബ്സർവേഷനിൽ കഴിയുകയായിരുന്ന പൗഡിക്കോണം സ്വദേശി എസ്.ഗിരിജ കുമാരി(56)യുടെ ഇടതു കാലിന്റെ രണ്ടു വിരലിലാണ് എലി കടിച്ചത്.
വൃക്ക രോഗത്തെ തുടർന്ന് നീര് വന്ന കാലിലാണ് എലി കടിച്ചത്. തണുപ്പായതിനാൽ കാലിൽ ഷീറ്റ് ഉപയോഗിച്ച് കാൽ മൂടിയിരുന്നു. ഇതിനിടയിൽ കൂടിയാണ് ഗിരിജകുമാരിയുടെ കാലിൽ എലി കടിച്ചത്. കാൽവിരല് വേദനിച്ച് ഗിരിജകുമാരി നിലവിളിച്ചപ്പോൾ മകൾ രശ്മി ഷീറ്റ് മാറ്റി നോക്കുമ്പോഴാണ് കാലിൽ എലി കടിച്ച് രക്തം ഒഴുന്നത് കണ്ടത്.
തുടർന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരെ വിവരമറിയിച്ചെങ്കിലും പ്രതികരണം മോശമായിരുന്നെന്ന് രശ്മി പറയുന്നു. പിന്നീട് മെഡിസിൻ സെക്ഷനിൽ എത്തിച്ചു ചികിത്സ നൽകി. ഒരുമണിയോടെ പ്രതിരോധ കുത്തിവയ്പ്പും എടുത്ത് വിട്ടയയ്ക്കുകയായിരുന്നു.
തീവ്ര പരിചരണ വിഭാഗത്തിലും വാർഡുകളിലും എലി ശല്യം രൂക്ഷമാണ്.
ആശുപത്രിയിലെ വൃത്തിക്കുറവാണ് എലിയുടെയും ഇഴ ജന്തുക്കളുടെയും താവളമാകാൻ കാരണം. ജീവനക്കാരുടെയും ഡോക്ടറുടെ ഭാഗത്തും നിന്നും മോശമായ പ്രതികരണമാണ് ലഭിച്ചതെന്ന് രശ്മി പറയുന്നു.
ഇതിനെതിരെ മെഡിക്കൽ കോളേജ് സൂപ്രണ്ടിന് പരാതി നൽകാനൊരുങ്ങുകയാണ് ലക്ഷ്മി. എന്നാൽ രോഗിയെ എലി കടിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് നിസാറുദ്ദീൻ പറഞ്ഞു.