തിരുവനന്തപുരം: മംഗലപുരത്ത് കായ് ഫലമുള്ള 60 ഓളം തെങ്ങുകൾ മുറിച്ച് കടത്തി. മംഗലപുരം തോന്നയ്ക്കൽ ഷമീന മൻസിലിൽ ഷമീനയുടെ ചുറ്റുമതിലുള്ള രണ്ടേക്കർ വരുന്ന പുരയിടത്തിലെ 60 ഓളം തെങ്ങുകളാണ് മുറിച്ചു കടത്തിയത്.
കഴിഞ്ഞ രണ്ട് ദിവസമായാണ് തെങ്ങുകൾ മുറിച്ച് കടത്തിയത്. അയൽവാസിയ സുധീർ , ഫസിൽ എന്നിവരുടെ ഒത്താശയോടെ തമിഴ്നാട് നിന്നെത്തിയ സംഘമാണ് തെങ്ങ് മുറിച്ച് കടത്തിയത്. പുരയിടത്തിൽ നിന്നും ഒരു കിലോമീറ്റർ മാറി താമസിക്കുന്ന ഷമീനയെ അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് എത്തിയപ്പോൾ പുരയിടത്തിന് പിന്നിലുള്ള മതിൽ വഴി മുറിച്ച തെങ്ങിൻ തടികൾ ലോറിയിൽ കയറ്റുന്നതായി കണ്ടത്.
തുടർന്ന് മംഗലപുരം പോലീസിൽ വിവരം അറിയിച്ചു. പോലീസ് വരുന്നതറിഞ്ഞ സംഘം ലോറിയുമായി കടന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മാർത്താണ്ഡത്തു വച്ച് ലോറി പിടികൂടി.ലോറിയിൽ ഉണ്ടായിരുന്ന തടികളും പോലീസ് കണ്ടെടുത്തു. എന്നാൽ ആദ്യദിവസം കടത്തിയ തടികൾ കണ്ടെത്താൻ പോലീസിന് സാധിച്ചില്ല.
തമിഴ്നാട്ടിൽ ഇഷ്ടിക കളത്തിൽ കത്തിക്കാനാണ് തെങ്ങുകൾ മുറിച്ചു കടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ സുധീറിനെ മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തു. സുധീറിന്റെ കൂട്ടുപ്രതിയായ ഫസൽ ഒളിവിലാണ്.