ചന്തവിള: തലസ്ഥാനത്തെ ചന്തവിള വാർഡിൽ കുന്നത്തുനട പാലത്തിനു സമീപം തെറ്റിയാർ തോടിനും കോർപ്പറേഷൻ റോഡിനും സമീപത്തായി അനധികൃത നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്നതായി പരാതി.
കർമ്മ ബിൽഡേഴ്സിന്റെ ഉടമസ്ഥൻ അനീഷ് ചിത്തിരയാണ് അനധികൃത നിർമ്മാണത്തിനു ചുക്കാൻ പിടിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. കോർപ്പറേഷൻ റോഡും വസ്തുവിന്റെ പുറകുവശത്തു കൂടി ഒഴുകുന്ന തെറ്റിയാർ തോടും നിയമം കാറ്റിൽ പറത്തി കൈയ്യേറിയിട്ടുണ്ട് എന്ന് കാണിച്ചാണ് കോർപ്പറേഷൻ സെക്രട്ടറിക്കും നഗരസഭാ മേയർക്കും പരാതി നൽകിയിരിക്കുന്നത്.
പതിറ്റാണ്ടുകളായി നിലകൊള്ളുന്ന തൃജ്യോതിപുരം ശ്രീ മഹാവിഷ്ണു ഷേത്രത്തിലോട്ടു ‘കുലവാഴ ചിറപ്പ്‘ മഹോത്സവ നാളുകളിൽ നാട്ടുകാർ ഉപയോഗിക്കുന്ന പരമ്പരാഗത നടപ്പാതയും ഈ വ്യക്തി കൈയ്യേറിയിട്ടുണ്ടെന്നു പരാതിയിൽ പറയുന്നു.
അതേസമയം പ്രസ്തുത നിർമ്മാണത്തിന് അനുമതി ഉണ്ടോ എന്നും തെറ്റിയാർ തോടിൽ നിന്നുളള ദൂരപരിധി പാലിച്ചിട്ടുണ്ടോ എന്നും വിവരാവകാശ പ്രകാരം കഴക്കൂട്ടം സോണൽ ഓഫീസിൽ നൽകിയ അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുള്ളതായും അറിയുന്നു.
അനീഷ് മുൻപും ഇത്തരത്തിൽ ഭൂമി കൈയ്യേറിയതായി ആരോപണമുണ്ട്. ചുളുവിലയിൽ ഭൂമി കൈക്കലാക്കി ബിനാമി ഇടപാടുകളിലൂടെ വിൽപ്പന നടത്തി ലക്ഷങ്ങൾ സമ്പാദിച്ചു വരികയാണെന്നും നാട്ടുകാരിൽ ചിലർ ആരോപിക്കുന്നു.