കാസര്‍കോട് : കാസര്‍കോട് തലക്ലായിയിലെ അഞ്ജുശ്രീയുടെ മരണം ആത്മഹത്യയെന്ന് പോലീസിന്‍റെ പ്രാഥമിക നിഗമനം. വിദ്യാർഥിനിയുടെ മരണം ഭക്ഷ്യ വിഷബാധയേറ്റല്ലെന്നും മറ്റു വിഷാംശം അകത്തു ചെന്നാണെന്നും പരിയാരം മെഡിക്കൽ കോളജിൽ വിദ്യാർഥിനിയുടെ പോസ്‌റ്റുമോർട്ടം നടത്തിയ സർജൻ പോലീസിനോട് സൂചിപ്പിച്ചിരുന്നു. ശരീരത്തിൽ വിഷാംശം കണ്ടെത്തിയിട്ടുണ്ട്. ഇതു കരളിനെ ബാധിച്ചതിനെത്തുടർന്നാണു മരണമെന്നു പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പെൺക്കുട്ടി എലിവിഷമാണ് കഴിച്ചതെന്നാണ് പോസ്റ്റുമാർട്ടം റിപ്പോർട്ടിലുള്ളത്. പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പും മൊബൈൽ ഫോൺ വിവരങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
അഞ്ജുശ്രീ വിഷത്തെക്കുറിച്ച് ഫോണിൽ തിരഞ്ഞതിന്‍റെ തെളിവുകൾ പൊലീസ് കണ്ടെത്തിയതായി സൂചനകളുണ്ട്. താൻ മാനസിക സംഘർഷം നേരിടുന്നുവെന്നതടക്കം ആത്മഹത്യാക്കുറിപ്പിലുണ്ടെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന സൂചന. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്തുന്നതിനായി പൊലീസ് പെൺകുട്ടിയുടെ സുഹൃത്തുക്കളുടേയും സഹപാഠികളുടേയും ബന്ധുക്കളുടേയും മൊഴിയെടുക്കും. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കഴിച്ചിരിക്കാം എന്നാണ് നിഗമനം.
നേരത്തെ ഭക്ഷ്യ വിഷബാധയേറ്റാണ് മരിച്ചതെന്നായിരുന്നു നിഗമനം. പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്തു വന്നതോടെയാണ് കേസിന് വഴിത്തിരുവായത്. മരണത്തിൽ സംശയം ഉയര്‍ന്നതിനെത്തുടര്‍ന്ന് അഞ്ജുശ്രീയുടെ ആന്തരികാവയവങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.