ഉത്തരാഖണ്ഡ് : ജോഷിമഠിൽ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ സർക്കാർ പൊളിക്കാനൊരുങ്ങുന്നു. 723 വീടുകളിലും കെട്ടിടങ്ങളിലുമാണ് നിലവിൽ വിള്ളൽ വീണത്. ഇതിൽ 86 ഓളം കെട്ടിടങ്ങളാണ് ഏറ്റവും അപകടകരമായ അവസ്ഥയിലുള്ളത്. 131 കുടുംബങ്ങളിലെ 400ലധികം പേരെ മാറ്റി താമസിപ്പിച്ചു. അതീവ അപകടാവസ്ഥയിലുള്ള മലാരി ഇൻ, മൗണ്ട് വ്യൂ എന്നീ ഹോട്ടലുകൾ പൊളിക്കാനുള്ള സംസ്ഥാന ദുരന്തനിവാരണ സേന തീരുമാനമെടുത്തിട്ടുണ്ട്.
എന്നാൽ മുന്നറിയിപ്പു നൽകാതെ കെട്ടിടങ്ങൾ പൊളിക്കാനുള്ള തീരുമാനത്തിനെതിരെ വലിയ പ്രതിക്ഷേധമാണ് നാട്ടുകാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. നഷ്ടപരിഹാരം നൽകിയശേഷം മാത്രം കെട്ടിടം പൊളിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കേന്ദ്രം നിയോഗിച്ച കൂടുതൽ സംഘങ്ങൾ ജോഷിമഠ് സന്ദർശിക്കുകയാണ്. ജോഷിമഠിൽ വീടുകളിലും കെട്ടിടങ്ങളിലും വിള്ളൽ കണ്ടതിന് തൊട്ടുപിന്നാലെ തപോവൻ പദ്ധതിയടക്കം, പ്രദേശത്തെ എല്ലാ നിർമ്മാണ പ്രവത്തനങ്ങളും നിർത്തിവെക്കാൻ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടിരുന്നു.