കൊച്ചി: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന തുടരുമ്പോൾ കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് തമിഴ്നാട്ടിൽനിന്ന് സുനാമി ഇറച്ചിവ്യാപകമായി എത്തുവെന്ന് റിപ്പോർട്ട്. അഴുകി ദുർഗന്ധംവമിക്കുന്ന 487 കിലോഗ്രാം കോഴിയിറച്ചിയാണ് കഴിഞ്ഞ ദിവസം കളമശ്ശേരി കൈപ്പടമുകളിലെ നിസാറിന്റെ വീട്ടിൽനിന്ന് നഗരസഭാ ആരോഗ്യവിഭാഗം പിടികൂടിയത്.
മൂന്ന് അറകളുള്ള രണ്ടു ഫ്രീസറുകളിലായി മുറിച്ചതും അല്ലാത്തതുമായ ഇറച്ചി പ്ലാസ്റ്റിക് പായ്ക്കറ്റുകളിലാക്കി സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇതിനൊപ്പം മസാലപുരട്ടിയതും ഉണ്ട്. പിടിച്ചെടുത്തവ അഴുകിത്തുടങ്ങിയനിലയിലായിരുന്നു. ചുറ്റും വട്ടമിട്ട് ഈച്ചകൾ പറക്കുന്നനിലയിലും. കളമശ്ശേരി സർക്കിൾ ഭക്ഷ്യസുരക്ഷാ ഓഫീസർ എം.എൻ. ഷംസിയ സാംപിൾ പരിശോധനയ്ക്കെടുത്തിട്ടുണ്ട്.
തമിഴ്നാട്ടിൽനിന്നാണ് ഇറച്ചി കൊണ്ടുവരുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചെറുകിട ഹോട്ടലുകൾക്കും തട്ടുകടകൾക്കും ഷവർമ, അൽഫാം ആവശ്യങ്ങൾക്കായി മാംസം വിതരണംചെയ്തിരുന്ന കേന്ദ്രമാണിതെന്ന് നാട്ടുകാർ പറയുന്നു. പാലക്കാട് മണ്ണാർക്കാട് സ്വദേശി ജുനൈസാണ് സ്ഥാപനം നടത്തിയിരുന്നത്. ഇദ്ദേഹത്തെ കണ്ടെത്താൻ ശ്രമംതുടങ്ങിയിട്ടുണ്ട്.
തമിഴ്നാട്ടിലെ കോഴി ഫാമുകളിൽ ചത്ത കോഴികളെ നിസ്സാര വിലയ്ക്ക് കേരളത്തിലേക്ക് ഇറച്ചിയാക്കി കൊണ്ടുവരുന്നതിനെയാണ് സുനാമി ഇറച്ചി എന്നു പറയുന്നത്. ചത്തതോ കൊന്നതോ എന്ന് പരിശോധനയിൽ വ്യക്തമാകാത്തതും ഇത്തരം മാഫിയയ്ക്ക് തുണയാണ്. സുനാമി ഇറച്ചിക്കച്ചവടത്തിന് തടയിടാൻ നേരത്തേ ശക്തമായ പരിശോധനകളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അത് നിലച്ചിരിക്കുകയാണ്.