മുംബൈ: വിദേശത്തു നിന്ന് മുംബൈയിൽ എത്തിയ മൂന്ന് പേർക്ക് ബിഎഫ്.7 പോസിറ്റീവ് ഉള്ളതായി റിപ്പോർട്ട്. ഇതാദ്യമായാണ് മഹാരാഷ്ട്രയിൽ ചൈനയുടെ കോവിഡ് കുതിച്ചുചാട്ടത്തിന് പിന്നിലെ കാരണമായി പറയപ്പെടുന്ന പുതിയ വേരിയന്‍റിന്‍റെ ആദ്യ കേസുകൾ റിപ്പോർട്ട് ചെയ്തത്. പോസറ്റീവ് ആയവരിൽ രണ്ടു പേർ ചൈനയിൽ നിന്നും ഒരാൾ കാനഡയിൽ നിന്നും വന്നവരാണ്.
മൂന്നുപേർക്കും മറ്റു ശാരീരിക ബുദ്ധിമുട്ടുകൾ ഇല്ലെന്നും, ആശുപത്രിയിൽ പ്രവേശനം ആവശ്യമില്ലെന്നുമാണ് ആരോഗ്യ വകുപ്പ് അറിയിച്ചത്. ഈ രോഗികൾക്കെല്ലാം നേരിയ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നതായും ഇതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുണ്ടെന്നും മുതിർന്ന ആരോഗ്യ ഓഫീസർ പറഞ്ഞു.
മുംബൈ വിമാനത്താവളത്തിലെ ആർടി-പിസിആർ പരിശോധനയിൽ 23 യാത്രക്കാരിലാണ് പോസിറ്റീവ് കണ്ടെത്തിയത്. ഇവരുടെ സാമ്പിളുകൾ മുഴുവൻ ജീനോം സീക്വൻസിംഗിനായി അയച്ചിട്ടുണ്ട്. മുംബൈയിൽ നിന്നുള്ളവരാണ് ഇവരിൽ അഞ്ച് പേർ. ഗുജറാത്തിൽ നിന്ന് നാല് പേര്, പൂനെനിൽ നിന്ന് മൂന്ന്, രണ്ട് പേർ കേരളത്തിൽ നിന്നും നവി മുംബൈ, അമരാവതി, സാംഗ്ലി, ഗോവ, തമിഴ്‌നാട്, ഉത്തർപ്രദേശ്, അസം, ഒഡീഷ, തെലങ്കാന എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരും ഉൾപ്പെടുന്നു.
ചൈനയിലെ കേസുകളുടെ വർദ്ധനവ് കണക്കിലെടുത്ത് ജീനോം സീക്വൻസിംഗിനായി എല്ലാ പോസിറ്റീവ് ആർടി-പിസിആർ സാമ്പിളുകളും അയയ്ക്കാൻ കേന്ദ്രം എല്ലാ സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.