അബുദബി:ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചർച്ചയ്ക്ക് അഭ്യർത്ഥിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. കശ്മീർ അടക്കമുള്ള വിഷയങ്ങളിൽ ചർച്ചയ്ക്ക് തയ്യാറാകണമെന്ന് ഷെഹ്ബാസ് ഷെരീഫ് ആവശ്യപ്പെട്ടു. ദുബായ് ആസ്ഥാനമായുള്ള അൽ അറബിയ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
യുദ്ധങ്ങൾ പാഠങ്ങൾ പഠിപ്പിച്ചു. ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ദാരിദ്ര്യവും തൊഴിലില്ലായ്മയും സമ്മർദവുമാണ് ഇന്ത്യയുമായി ഏറ്റുമുട്ടിയതിന്റെ ഫലം. പരസ്പരം ഏറ്റുമുട്ടി സമയവും സമ്പത്തും പാഴാക്കേണ്ടതില്ലെന്നും ഇന്ത്യയുമായുള്ള ചർച്ചയ്ക്ക് വഴിതുറക്കാൻ യുഎഇയുടെ സഹായം തേടുമെന്നും ഷെരീഫ് വ്യക്തമാക്കി. പാക്കിസ്ഥാൻ കടുത്ത സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് ഷെരീഫിന്റെ പരാമർശം.