തിരുവനന്തപുരം: നഗരത്തിലെ ഗുണ്ടകളുമായി അടുത്ത ബന്ധം പുലർത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. 3 സിഐമാരെയും ഒരു എസ്ഐയെയുമാണ് സസ്പെന്റ ചെയ്തത്. പേട്ട എസ്എച്ച്ഒ ഇൻസ്പെക്ടർ റിയാസ് രാജ, മംഗലപുരം എസ്എച്ച്ഒ ഇൻസ്പെക്ടർ എസ്.എൽ.സജീഷ്, റെയിൽവേ ആസ്ഥാനത്തെ സിഐ അഭിലാഷ് ഡേവിഡ്, തിരുവല്ലം എസ്ഐ സതീഷ് കുമാർ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. 3 ഡിവൈഎസ്പിമാർക്കെതിരെ റിപ്പോർട്ട് ഇന്നലെ ഡിജിപി ആഭ്യന്തരവകുപ്പിനു കൈമാറി. ആഭ്യന്തര വകുപ്പാണ് ഇവർക്കെതിരെ നടപടിയെടുക്കേണ്ടത്. ഉടൻ നടപടിയുണ്ടാകുമെന്നാണ് സൂചന.
കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ സ്പെഷൽ പ്രൈവറ്റ് സെക്രട്ടറിയുടെ സഹോദരനെ ഗുണ്ടാസംഘം അക്രമിച്ചു കിണറ്റിൽ ഇട്ടിരുന്നു. ഈ കേസിലെ പ്രതികളുമായി നേരത്തേ മംഗലപുരം സിഐക്ക് ബന്ധമുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിരുന്നു. മംഗലപുരം സ്റ്റേഷൻ പരിധിയിൽ പ്രതികൾക്കെതിരെ നിരവധി കേസ് ഉണ്ടെങ്കിലും ഒരു നടപടിയുമെടുത്തില്ലെന്നാണ് റിപ്പോർട്ട്. പേട്ട ഇൻസ്പെക്ടർ റിയാസ് രാജയ്ക്കും തിരുവല്ലം എസ്ഐക്കും ഗുണ്ടാത്തലവൻമാരുമായി നേരിട്ടു ബന്ധമെന്ന റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
നഗരത്തിൽ ഗുണ്ടാ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഇന്നലെ മുഖ്യമന്ത്രി ഇടപെട്ട് ഡിജിപി ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. ഈ ഓഫിസർമാർക്കെതിരെ ഇനി മറ്റു റിപ്പോർട്ടുകൾ തേടേണ്ടതില്ലെന്നും നിലവിലുള്ള റിപ്പോർട്ടിൽ തന്നെ ശക്തമായ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. രാത്രിയോടെ സസ്പെൻഷൻ ഉത്തരവ് പുറത്തിറങ്ങി.