വെല്ലിങ്ടൺ: രാജി പ്രഖ്യാപിച്ച് ന്യൂസിലന്‍റ് പ്രധാനമന്ത്രി ജസിന്ത ആർഡേൺ. ഒക്ടോബര്‍ 14ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി. ലേബർ പാർട്ടിയുടെ വാർഷിക യോഗത്തിലാണ് അപ്രതീക്ഷിതരാജി പ്രഖ്യാപനം നടത്തിയത്.
ന്യൂസിലന്‍റ് പ്രധാനമന്ത്രി സ്ഥാനവും, ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഫെബ്രുവരി 7 ന് ഒഴിയുമെന്നും എന്നാൽ പൊതു തിരഞ്ഞെടുപ്പ് വരെ എംപി സ്ഥാനത്ത് തുടരുമെന്നും ജസിന്ത അറിയിച്ചു. ഇത്തരത്തിൽ അധികാരമുള്ളൊരു പദവി വലിയ ഉത്തരവാദിത്വമാണ്. ഇതിന്‍റെ മൂല്യം എന്താണെന്ന് എനിക്ക് നന്നായി അറിയാമെന്നും എപ്പോൾ നയിക്കണമെന്ന് അറിയുന്നതുപോലെ തന്നെ എപ്പോൾ പിൻമാറണമെന്ന് മനസ്സിലാക്കുന്നതും ഉത്തരവാദിത്വമാണെന്നും ജസിന്ത പറഞ്ഞു. ഒരു തെരഞ്ഞെടുപ്പുകൂടി നേരിടാനുള്ള ശക്തി തനിക്കിനി ഇല്ല. അതിനാൽ പദവി ഒഴിയാൻ സമയമായെന്ന് ജസിന്ത കൂട്ടിച്ചേർത്തു.
ജസിന്ത ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു. 37 വയസ്സായിരുന്നു സ്ഥാനമേറ്റെടുക്കുമ്പോൾ. 2017 ലാണ് പദവിയിലെത്തുന്നത്. കൊവിഡ് മഹാമാരിക്കാലത്തും ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ടു പള്ളികളില്‍ ഭീകരാക്രമണം നടന്നപ്പോഴും വൈറ്റ് ഐലന്‍ഡ് അഗ്നിപര്‍വ്വത സ്‌ഫോടനമുണ്ടായപ്പോഴുമുള്ള ജസിന്തയുടെ ഇടപെടലുകൾ ശ്രദ്ധേയമാണ്.