തിരുവനന്തപുരം: സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ലോകം കണ്ട മികച്ച സംവിധായകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശാഭിമാനിയുടെ 80 ആം വാര്‍ഷികാഘോഷ ചടങ്ങില്‍ സമഗ്ര പുരസ്കാരം അടൂരിന് നല്‍കികൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രശംസ. അന്തര്‍ദേശീയ രംഗത്തെ മലയാള സിനിമയുടെ ബ്രാന്‍ഡ് അംബാസിഡറാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി.
കേരളത്തിന്റെ യശ്ശസ് ഉയര്‍ത്താന്‍ സംഭാവനകള്‍ നല്‍കിയ പ്രതിഭയാണ് അടൂരെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന വാര്‍ത്തകളെല്ലാം ജനം വിശ്വസിക്കുന്ന കാലമാണ് ഇതെന്നായിരുന്നു അടൂര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞത്.
നിലവിലെ കലാ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതി ഒഴുക്കിനെതിരേ നീന്തി നവഭാവുകത്വം പണിതവരുടെ കൂട്ടത്തിലാണ് അടൂരിന്റെ സ്ഥാനം. സിനിമ ദൃശ്യ ഭാഷ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കലാരൂപമാണെന്ന ആശയം അരക്കിട്ടുറപ്പിക്കുന്നതില്‍ അടൂരിന്റെ സിനിമകള്‍ വഹിച്ച പങ്ക് വളരെ വലുതാണെന്നും മുഖ്യമന്ത്രി അഭിപ്രായപെട്ടു.
അതേസമയം കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിവാദങ്ങളില്‍ അടൂരിനെതിരെ വിമര്‍ശനം ശക്തമാകുന്നതിനിടെയാണു മുഖ്യമന്ത്രിയുടെ പ്രശംസ.