തൃശൂര്‍ : സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് അടപ്പിച്ച ഹോട്ടല്‍ അനുമതിയില്ലാതെ തുറന്ന് പ്രവര്‍ത്തിച്ചു. തൃശൂരിലെ ബുഹാരീസ് ഹോട്ടലാണ് ഭക്ഷ്യവകുപ്പിന്റെ അനുമതിയില്ലാതെ തുറന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് തൃശൂര്‍ എംജി റോഡിലെ ബുഹാരീസ് ഹോട്ടല്‍ ബുധനാഴ്ച അടപ്പിച്ചതാണ്. ബിരിയാണി കഴിച്ച പെണ്‍കുട്ടിക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്നാണ് ഹോട്ടൽ പൂട്ടിച്ചത്. ന്യൂനതകള്‍ പരിഹരിച്ച്, ജില്ലാ അസിസ്റ്റന്റ് കമ്മീഷണറുടെ അനുമതിയോടെ മാത്രമേ വീണ്ടും തുറക്കാവൂ എന്നാണ് നിര്‍ദ്ദേശം നല്‍കിയിരുന്നത്.
എന്നാല്‍, വ്യാഴാഴ്ച ഈ ഹോട്ടല്‍ തുറക്കുകയും അടുക്കളയിൽ ഭക്ഷണമുണ്ടാക്കുകയും ചെയ്തു. ഇതറിഞ്ഞ് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ എത്തി ഹോട്ടല്‍ വീണ്ടും അടപ്പിക്കുകയായിരുന്നു. നിരവധി പരാതികള്‍ ലഭിച്ചതോടെയാണ് നടപടിയെന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥ രേഖാ മോഹന്‍ പറഞ്ഞു. പിന്നീട് ഹോട്ടലിന്റെ ലൈസന്‍സ് നഗരസഭ സസ്‌പെന്‍ഡ് ചെയ്തു. ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.