തിരുവനന്തപുരം: കെ ഫോൺ പദ്ധതി നടപ്പാക്കാനായി 100 കോടി രൂപ അനുവദിച്ചുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇതിലൂടെ 70,000 കുടുംബങ്ങൾക്ക് സൗജന്യ ഗാർഹിക ഇന്‍റർനെറ്റ് കണക്ഷന്‍ നൽകും.
റെയിൽവേ സുരക്ഷയ്ക്ക് 12 കോടിയും ജില്ലാ റോഡുകൾക്ക് 288 കോടിയും അനുവദിച്ചു. കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലുകളുടെ നവീകരണത്തിനായി 20 കോടി രൂപയും അനുവദിച്ചു. സ്റ്റാർട്ടപ്പ് മിഷന് ബജറ്റിൽ 90.2 കോടിരൂപ മാറ്റിവച്ചു. ടെക്നോ പാർക്കിന് 26 കോടിയും ഇന്‍ഫോ പാർക്കിന് 25 കോടിയും വകവരുത്തി.
കൂടാതെ പട്ടികജാതി വികസനത്തിനായി 2729 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി. ഭൂരഹിത പട്ടിക ജാതി കുടുംബങ്ങൾക്ക് ഭൂമി നൽകാൻ 180 കോടി രൂപയും പട്ടിക ജാതി നൈപുണ്യ വികസത്തിന് 50 കോടി രൂപയും വകയിരുത്തിയതായി ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു. മുന്നോക്ക വികസനത്തിനായി 38.75 കോടി രൂപയും അനുവദിച്ചതായി ധനമന്ത്രി വ്യക്തമാക്കി.
ശബരിമല മാസ്റ്റർ പ്ലാനിനായി 30 കോടി വകയിരുത്തി. എരുമേലി മാസ്റ്റർ പ്ലാനിന് അധികമായി 10 കോടി രൂപയും കുടിവെള്ള വിതരണത്തിന് 10 കോടിയും നിലയ്ക്കൽ വികസനത്തിന് 2.5 കോടിയും വകയിരുത്തിയതായി ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.
ലൈഫ് മിഷൻ പദ്ധതിക്കായി 1436.26 കോടി രൂപ മാറ്റിവച്ചു. കേരള സാഹിത്യ അക്കാഡമിക്കും സംഗീത നാടക അക്കാഡമിക്കും ഓരോ കോടി രൂപ വീതം സഹായം അനുവദിച്ചു. അന്താരാഷ്ട്ര നാടകോത്സവത്തിന്‍റെ നടത്തിപ്പിനായിട്ടാണു സംഗീത നാടക അക്കാഡമിക്ക് ഒരു കോടി അനുവദിച്ചിരിക്കുന്നത്.
കലാ-സാംസ്‌കാരിക രംഗത്തിന്‍റെ വികസനത്തിനായി 183 കോടി രൂപയാണു ആകെ വകയിരുത്തിയിരിക്കുന്നത്. കേരള ലളിത കലാ അക്കാഡമിയുടെ ഫെല്ലോഷിപ്പുകളുടെ എണ്ണം കൂട്ടുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.