തിരുവനന്തപുരം: അതിദാരിദ്ര്യം തുടച്ചുനീക്കാന്‍ 50 കോടി ബഡ്ജറ്റിൽ അനുവദിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. അഞ്ച് വർഷത്തിനകം അതിദാരിദ്ര്യം തുടച്ചുനീക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്നും ഇതിനായി 64006 അതിദരിദ്രകുടുംബങ്ങളെ കണ്ടെത്തി നടപടി ആരംഭിച്ചതായും ധനമന്ത്രി ബജറ്റിൽ വ്യക്തമാക്കി.
കേരളത്തിൽ നേത്രാരോഗ്യത്തിന്‍റെ ഭാഗമായി എല്ലാവരുടെയും കാഴ്ച്ച പരിശോധനക്ക് വിധേയമാക്കാൻ 4 വർഷത്തിനുള്ളിൽ നേർക്കാഴ്ച്ച പദ്ധതി നടപ്പാക്കും. ഇതിന്‍റെ ഭാഗമായി 50 കോടി രൂപ അനുവദിക്കുന്നതായി ധനമന്ത്രി ബജറ്റിൽ വ്യക്തമാക്കി.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ ആരംഭിക്കും. ഇതിനായി 7.9 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി അറിയിച്ചു. കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലുകളുടെ നവീകരണത്തിനായി ഇരുപതു കോടി രൂപയും അനുവദിച്ചു. കശുവണ്ടി ഫാക്ടറികളുടെ ആധുനീകരണത്തിനായി 2.25 കോടി രൂപ അനുവദിച്ചു. കശുവണ്ടി വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തിലായിരിക്കും പദ്ധതി നടപ്പിലാക്കുക.
മത്സ്യമേഖലയ്ക്കായി 321.23 കോടി രൂപയും കാര്‍ഷികമേഖലയ്ക്ക് 971 കോടി രൂപയും അനുവദിച്ചു. കടലിലെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്നതിനായുള്ള ശുചിത്വ സാഗരം പദ്ധതിക്ക് 5.51 കോടി രൂപ ലഭ്യമാക്കും. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. മത്സ്യബന്ധന ബോട്ടുകളുടെ ആധുനീകരണത്തിനായി പത്തു കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
ഇടുക്കി, വയനാട് മെഡിക്കൽ കോളെജുകളിലും താലൂക്ക് ആശുപത്രികളിലും നഴ്സിങ് കോളെജുകൾ സ്ഥാപിക്കുമെന്നും അതിന്‍റെ ആദ്യ ഘട്ടമെന്ന നിലയിൽ 20 കോടി രൂപ അനുവദിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞു.
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വർക്ക് ഫ്രം ഹോളിഡേ ഹോമിനായി 10 കോടി രൂപ അനുവദിച്ച് ധനമന്ത്രി.ഐടി റിമോർട്ട് വർക്ക് കേന്ദ്രങ്ങൾ, വർക്ക് നിയർ ഹോം കോമൺ ഫസിലിറ്റി സെന്‍ററുകൾ എന്നിവ ഒരുക്കാനായി 50 കോടിയും അനുവദിച്ചു. മാത്രമല്ല ടൂറിസം ഇടനാഴി വികസനത്തിനായി 50 കോടി രൂപയും ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചു.