തിരുവനന്തപുരം: സർക്കാരിന്റെ ധനവിനിയോഗത്തിലെ കെടുകാര്യസ്ഥതയും ധൂർത്തും സാമ്പത്തിക ക്രമീകരണത്തിലെ പരാജയവും ജനങ്ങളുടെ മേൽ നികുതിഭാരമായി കെട്ടിവെച്ച് പരിഹരിക്കാനുള്ള സംസ്ഥാന സർക്കാർ ഗൂഢാലോചനയാണ് ധനമന്ത്രി കെ. എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ വ്യക്തമാകുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. മുഴുവൻ ജനങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന പെട്രോൾ – ഡീസൽ ഇന്ധന സെസ് വഴി 780 കോടി വരുമാനം ഉണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് എല്ലാ മേഖലകളിലും വിലവർദ്ധനവിന് കാരണമാകും.
ഇപ്പോൾ തന്നെ ഇന്ധനത്തിനുമേൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈടാക്കുന്ന നികുതി ഒരു മര്യാദയും ഇല്ലാത്ത ചൂഷണമാണ് ബഡ്ജറ്റ്. കൂടെ പുതിയ നികുതി നിർദ്ദേശങ്ങൾ കൂടി നടപ്പാകുമ്പോൾ ജനങ്ങൾ കൂടുതൽ ദാരിദ്ര്യത്തിലേക്ക് എടുത്തെറിയപ്പെടും. കെട്ടിടനികുതി, വൈദ്യുതി നിരക്ക്, മോട്ടോർ വാഹന നികുതി, കോർട്ട് ഫീ തുടങ്ങി ജനങ്ങളെ ദ്രോഹിക്കാൻ എല്ലാ വഴിയിലൂടെയും സർക്കാർ ശ്രമിച്ചിട്ടുണ്ട്. മദ്യവും ലോട്ടറിയും ഇന്ധനവും ഉപയോഗിച്ച് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാമെന്ന ലളിത യുക്തിക്കപ്പുറം മറ്റൊരാശയവും സർക്കാരിനില്ല. ജനങ്ങൾ അനുഭവിക്കുന്ന ഗുരുതര പ്രതിസന്ധികളും സാമ്പത്തിക മാന്ദ്യവും പരിഹരിക്കാൻ കഴിയുന്ന പുതിയ പദ്ധതികളോ പ്രാദേശിക തലത്തിൽ സാമ്പത്തിക ക്രയവിക്രയം വർധിപ്പിക്കുന്ന ക്രമീകരണ ആശയങ്ങളോ ബജറ്റിൽ ഇല്ല. എല്ലാത്തിന്റെയും പരിഹാരമായി പ്രഖ്യാപിച്ച കിഫ്ബിയിലും പുതിയ പദ്ധതി പ്രഖ്യാപനങ്ങൾ ഇല്ല.
വിലക്കയറ്റം നിയന്ത്രിക്കുമെന്ന് പ്രഖ്യാപിച്ച ഇടതു സർക്കാർ എല്ലാത്തരം നികുതിയും വർധിപ്പിച്ച് വിലക്കയറ്റത്തെ വൻതോതിൽ ഉയർത്തുകയാണ് ചെയ്തിരിക്കുന്നത്. പതിനായിരക്കണക്കിന് രൂപയുടെ അധിക ബാധ്യത കെട്ടിയേൽപ്പിച്ചിട്ട് വിലക്കയറ്റം നിയന്ത്രിക്കുന്നതിന് 2000 കോടി അനുവദിച്ചു എന്നു പറയുന്നത് ജനങ്ങളെ പരിഹസിക്കലാണ്. ക്ഷേമപെൻഷനിലും ആശ്വാസ പദ്ധതികളില്ല. തീരദേശ വികസനത്തിന് കഴിഞ്ഞ ബജറ്റിൽ നീക്കിവെച്ച തുക ചെലവഴിച്ചില്ല എന്ന് മാത്രമല്ല പുതിയ ബജറ്റിൽ വളരെ കുറഞ്ഞ തുകയാണ് മാറ്റിവെച്ചിരിക്കുന്നത്.
സർക്കാർ ജീവനക്കാരുടെ ആനുകൂല്യത്തിലും അവഗണന തന്നെയാണ് കാണുന്നത്. മൂന്ന് വർഷമായി മുടങ്ങിക്കിടക്കുന്ന ഡിഎ നൽകുന്നതിനെ കുറിച്ച് മൗനം പാലിക്കുകയാണ് ബഡ്ജറ്റ് ചെയ്യുന്നത്. മുന്നാക്ക വികസന കോർപ്പറേഷന് 37 കോടി നീക്കിവെച്ചപ്പോൾ പിന്നാക്ക കമ്മീഷന് 16 കോടി മാത്രമാണ് നൽകുന്നത്. സാമൂഹ്യ നീതി നടപ്പാക്കുന്നതിൽ സർക്കാർ പുലർത്തുന്ന വിവേചന നിലപാട് ഇതിൽ വ്യക്തമാണ്. ദൈനംദിന ജീവിതം തന്നെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയാതെ നട്ടംതിരിയുന്ന ജനങ്ങളുടെ മേൽ കൂടുതൽ നികുതിഭാരം അടിച്ചേൽപ്പിക്കുന്ന ഇടതു സർക്കാരിന്റെ ബഡ്ജറ്റ് ഇതിനെതിരെ സംസ്ഥാന വ്യാപകമായി വെൽഫെയർ പാർട്ടി ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.