-സബിത രാജ്-
ജീവിച്ചിരിക്കെ തന്നെ മരണഭയം കണ്മുന്നിൽ അനുഭവിക്കുക എന്നത് വളരെ വളരെ ഭീകരമായൊരു അവസ്ഥ ആണ്.ജീവിതത്തിന്റെ ഏതേലും ഘട്ടത്തിൽ അതിമാരകമായ ഒരു രോഗം നമ്മളെ പിടികൂടിയെന്നു അറിയുമ്പോൾ ആരും ആദ്യം ഒന്ന് പതറും. പിന്നീട് ചിലപ്പോ അതിനെ പ്രതിരോധിക്കാൻ ഉള്ള വഴി തേടും. വളരെ കരുത്തുറ്റ മനസ്സോടെ ജീവിതത്തിൽ അപ്രകാരം വിജയിച്ച ഒട്ടനവധി പേർ നമുക്ക് ചുറ്റുമുണ്ട്.
എന്നാൽ നേരിയ ഒരു ഭാഗം ആളുകൾ അനുഭവിക്കുന്ന കരൾ -വൃക്ക -കിഡ്നി പോലെയുള്ള അവയവങ്ങളുടെ പ്രവർത്തനം തകരാറിലാക്കുന്ന രോഗങ്ങൾ നൽകുന്ന ഭീകരത വളരെ വലുതാണ്. അതിൽ ഏറ്റവും കടുപ്പമേറിയ അവസ്ഥ ട്രാൻസ്‌പ്ലാന്റഷന് ആളെ കണ്ടെത്തുക എന്നതാണ്.അതിൽ പലരും വിജയിച്ചാലും നിലവിലെ അവസ്ഥയിൽ തുടർചികിത്സയ്ക്കും ഓപ്പറേഷനുമായി ലക്ഷങ്ങളുടെ ചിലവ് വേണ്ടി വരും. അത് കണ്ടെത്താൻ ഉള്ള മരണപാച്ചിലിൽ ചിലപ്പോ ജീവൻ നഷ്ടപ്പെട്ടേക്കാം.
ഒന്നിനും കാത്ത് നില്കാതെ പ്രിയപ്പെട്ടവർ യാത്രയാകുമ്പോൾ നിശബ്ദമായെങ്കിലും അവരുടെ അവസ്ഥയിലേക്ക് ഒന്നിറങ്ങി ചെന്നു നോക്കണം, എത്ര ഭീകരമായ ഒരു അവസ്ഥയാണ്. ഏതു നിമിഷവും മരണപ്പെടാം എന്ന സത്യവും നാളെയിലേക്കുള്ള പ്രതീക്ഷയും ഒരുമിച്ച് മനസ്സിൽ മാറി മാറി തെളിയും. വളരെ മോശമായൊരു മാനസികനില അല്ലെ ? വളരെ വേദനയോടെ ജീവൻ വെടിഞ്ഞവരെ ഓർക്കുമ്പോൾ കണ്ണുനിറയും തീർച്ച.
ഇന്നത്തെ കാലത്ത് ആരോഗ്യപരമായി ഇരിക്കുക എന്നത് തന്നെ വലിയ ഭാഗ്യമാണ്. ജീവൻ നിലനിർത്താൻ മറ്റുള്ളവരോട് യാചിക്കേണ്ടി വരുന്ന അവസ്ഥ വളരെ ഭീകരമാണ്. ആ ഒരു അവസ്ഥയിലേക്ക് എത്ര വലിയവനും വന്നെത്തിയിരിക്കും, കാരണം ജീവനും ആരോഗ്യവും തന്നെയാണ് ഏറ്റവും വലുത്. ആരോഗ്യത്തോടെ ഇരിക്കുക എന്നാൽ അത്യന്തം സന്തോഷത്തോടെ ഇരിക്കുക എന്ന് തന്നെയാണ് അർത്ഥം. ശരിയാണ് അല്ലെ?
ആരോഗ്യമുള്ളൊരു ശരീരത്തിന് ജീവിതം മധുരം നൽകട്ടെ!