തിരുവനന്തപുരം: അശ്ലീല സൈറ്റിൽ ഫോട്ടോ അപ്‌ലോഡ് ചെയ്ത സംഭവം ഒത്തുതീർപ്പാക്കാൻ ശ്രമിച്ച കാട്ടാക്കട എസ്എച്ച്ഒക്കെതിരെ ഇരയായ യുവതി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താൻ പോലീസ് ഹെഡ് കോർട്ടേഴ്സ് സ്പെഷ്യൽ സെൽ എസ്പിക്ക് ഡി.ജി.പി നിർദേശം നൽകി.
പരാതി നൽകി അഞ്ചുദിവസത്തിനുശേഷം പ്രതിയായ യുവാവിനെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയ എസ്.എച്ച്.ഒ, കേസ് ഒത്തുതീർപ്പാക്കാൻ യുവതിയെ നിർബന്ധിച്ചെന്നാണ് പരാതി. ഇതിനിടെ ഒന്നാം തീയതി നൽകിയ പരാതിയിൽ കാട്ടാക്കട പൊലീസ് ഇന്നലെ യുവതിയുടെ വീട്ടിലെത്തി മൊഴിയെടുത്തു.
ജനുവരി 25നാണ് കേസിനാസ്പദമായ സംഭവം. യുവതിയുടെ ഫോട്ടോയും പേരും വയസുമടക്കം അശ്ലീല സൈറ്റിൽ അപ് ലോഡ് ചെയ്യുകയായിരുന്നു. തുടർന്ന് യുവതിയുടെ ഫോണിലേക്ക് പല നമ്പരുകളിൽ നിന്നും മെസേജുകൾ വന്നു. വിദേശത്തുള്ള ഭർത്താവിനെ വിവരം അറിയിക്കുകയുകയും തുടർന്നു നടത്തിയ അന്വേഷണത്തിൽ ഫോട്ടോ ഇത്തരത്തിൽ ദുരുപയോഗം ചെയ്തതായി കണ്ടെത്തുകയും ചെയ്തു. ജനുവരി 31ന് സൈബർ പൊലീസിലും ഫെബ്രുവരി ഒന്നിന് കാട്ടാക്കട പൊലീസിലും യുവതി പരാതി നൽകി.
സംശയമുള്ള ആളിൻ്റെ പേരും ഫോൺ നമ്പരുമടക്കമാണ് പരാതി നൽകിയത്. അഞ്ച് ദിവസമായിട്ടും നടപടി സ്വീകരിക്കാതിരുന്ന കാട്ടാക്കട എസ്.എച്ച്.ഒ ആറാം തിയതി പ്രതിയെയും പരാതിക്കാരിയെയും വിളിച്ചുവരുത്തിയ ശേഷം പരാതി ഒത്തുതീർക്കാൻ നിർബന്ധിക്കുകയായിരുന്നു. അതിന് തയാറല്ലെന്ന് അറിയിച്ച യുവതി തിരുവനന്തപുരം റൂറൽ എസ്.പിക്ക് പരാതി നൽകി. ഈ പരാതി അന്വേഷിക്കാൻ ഇതേ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതോടെയാണ് യുവതി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്.