
പത്തനംത്തിട്ട: കോന്നി താലൂക്ക് ഓഫീസിൽ നിന്ന് കൂട്ട അവധിയെടുത്ത് ഉല്ലാസയാത്ര പോയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് കളക്ടർ. ജീവനക്കാരുടെ സംഘത്തിൽ തഹസിൽദാരും ഡെപ്യൂട്ടി തഹസിൽദാരും ഉണ്ടായതായി റിപ്പോർട്ട്. യാത്ര സംഘടിപ്പിച്ചത് ഓഫീസ് സ്റ്റാഫ് കൗൺസിലാണ്. 3000 രൂപ വീതം ഓരോരുത്തരും യാത്ര ചിലവിന് നൽകിയിരുന്നു.
റവന്യൂ വിഭാഗത്തിൽ 60 ജീവനക്കാരാണുള്ളത്. ഇതിൽ 39 പേരാണ് കൂട്ട അവധി എടുത്തത്. ഇതിൽ 19 പേർ മുൻകൂട്ടി അവധിക്ക് അപേക്ഷിച്ചിരുന്നു. 20 പേർ അനധികൃതമായി അവധിയെടുത്താണ് മൂന്നാറിലേക്ക് വിനോദയാത്ര പോയത്.എഡിഎം താലൂക്ക് ഓഫീസിലെ ഹാജർ രേഖകൾ പരിശോധിച്ചു. സ്പോൺസർഷിപ്പിലാണോ യാത്ര സംഘടിപ്പിച്ചതെന്നതടക്കമുള്ള കാര്യങ്ങൾ കലക്‌ടർ അന്വേഷിക്കും.
സംഭവത്തിൽ കർശനമായ നടപടി സ്വീകരിക്കുമെന്ന് റവന്യൂമന്ത്രി കെ. രാജൻ പറഞ്ഞിരുന്നു.നിശ്ചിത അവധി സർക്കാർ ജീവനക്കാർക്ക് അനുവദിച്ചിട്ടുള്ളതാണ്. എന്നാൽ കൂട്ട അവധി ഒരുതരത്തിലും പ്രോത്സാഹിപ്പിക്കാനാവില്ല. അഞ്ച് ദിവസത്തിനകം വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കലക്‌ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശേഷം തുടർ നടപടികളെടുക്കുമെന്ന് മന്ത്രി പറഞ്ഞു.


