പോത്തൻകോട്: പരിക്കേറ്റ മൂന്നാം ക്ലാസുകാരിക്ക് സ്കൂൾ അധികൃതർ ചികിത്സ നിഷേധിച്ചെന്ന് പരാതി. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാതെ ഓഫീസ് റൂമിൽ കിടത്തിയ ശേഷം
വൈകിട്ട് മറ്റ് കുട്ടികൾക്കൊപ്പം വീട്ടിലേക്ക് പറഞ്ഞയച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. സ്കൂളിൽ കളിച്ചു കൊണ്ടിരിക്കെ മറ്റൊരു കുട്ടിയുമായി കൂട്ടിയിടിച്ച് മൂക്കിനാണ് ദേവവൃന്ദക്ക് ഗുരുതരമായി പരിക്കേറ്റത്.
പോത്തൻകോട് യു പി.സ്കൂളിൽ മൂന്നാം ക്ലാസിൽ പഠിക്കുന്ന ദേവവൃന്ദ ഇന്നലെ ഉച്ചക്ക് കളിക്കുന്നതിനിടെയാണ് പരിക്കേറ്റത്. കുട്ടിയുടെ മൂക്കിൽ നിന്നും രക്തം വരുകയു കുട്ടി ബോധരഹിതയായി വീഴുകയും ചെയ്തു. ഉടൻ തന്നെ ദേവവൃന്ദയെ മറ്റ്കുട്ടികൾ ചേർന്ന് ഓഫീസ് റൂമിൽ എത്തിക്കുകയും ചെയ്തു. പക്ഷെ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയോ രക്ഷകർത്താക്കളെ വിവരം അറിയിക്കുകയാേ സ്കൂൾ അധികൃതർ ചെയ്തില്ലെന്നാണ് പരാതിയിൽ പറയുന്നത്.
കുട്ടിക്ക് ആ സമയങ്ങളിൽ കഠിനമായ വേദനയും ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നുവെന്നും . ഇതിനിടെ വിവരം വീട്ടിൽ അറിയിക്കാൻ കുട്ടി ആവിശ്യപെട്ടിട്ടും സ്കൂൾ അധികൃതർ അതിനു മുതിർന്നില്ലെന്നും ആരോപണമുണ്ട്. സ്കൂൾ ബസ്സിൽ വീട്ടിൽ എത്തിയ മകൾക്ക് വീണ്ടും തലകറക്കവും മൂക്കിൽ നിന്നും രക്തം വരുകയും മുഖത്ത് നീര് വെയ്ക്കുകയും ചെയ്തതിനെ തുടർന്ന് വീട്ടുകാർ ഉടൻ തന്നെ വട്ടപ്പാറ ആശുപത്രിയിൽ എത്തിക്കുകയും അവിടെനിന്നും മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയിലേക്ക് വിടുകയും ചെയ്തു.
പരിശോധനയിൽ കുട്ടിയുടെ മൂക്കിന്റെ പാലത്തിൽ ചെറിയ പാെട്ടൽ ഉള്ളതായി കണ്ടെത്തി. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് സ്കൂൾ അധികൃതർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ മാതാവ് വിജി മോൾ എ.ഇ. ക്കും മറ്റ് ഉദ്വേഗസ്ഥർക്കും പരാതി നൽകി.