തിരുവനന്തപുരം: ലോകത്ത് ശാന്തിയും സമാധാനവും പുലരണമെങ്കിൽ ബഹുസ്വരതയുടെ ഉടയാടകൾക്ക് നിറം പകരണമെന്നും വൈവിദ്ധ്യങ്ങളെ ആഘോഷിക്കാനും ലോകത്തെ ഒന്നിപ്പിക്കാനും നമുക്ക് കഴിയണമെന്നും ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം എല്ലാവർഷവും ആചരിക്കുന്ന സർവ്വമത സൗഹാർദ്ധവാരത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് തിരുവനന്തപുരം റസിഡൻസി ടവറിൽ നടന്ന ലോക സമാധാന ഉച്ചകോടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി.
മതാന്തരസംവാദങ്ങൾക്ക് പ്രസക്തിയേറുന്ന കാലഘട്ടത്തിൽ മതവിശ്വാസങ്ങൾ തമ്മിലുളള സ്നേഹവും തിരിച്ചറിവുമാണ് മതസൗഹാർദ്ധം. മതപരവും സാംസ്കാരികവും രാഷ്ട്രീയവുമായ വ്യത്യാസങ്ങളാൽ വിഭജിക്കപ്പെടുന്ന ഒരു ലോകത്ത് സാർവത്രിക സഹോദര്യത്തിൻ്റെ കുടക്കീഴിൽ ഒന്നിക്കുക എന്നത് ഏറെ പ്രധാനമാണെന്നും സ്വാമി പറഞ്ഞു. വേൾഡ് യോഗ കമ്മ്യൂണിറ്റി ഗ്ലോബൽ ചെയർമാനും യു.എൻ.റീലീയിജസ് എൻ.ജി.ഒകളുടെ സെക്രട്ടറിയുമായ ഗുരു ദിലീപ്ജി മഹാരാജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യുണൈറ്റഡ് റിലീജിയൻസ് ഇനിഷ്യേറ്റീവ് ചെയർമാൻ എം. ഡി.ശശികുമാർ ആമുഖ പ്രഭാഷണവും ഏഷ്യാ സെക്രട്ടറി ജനറൽ ഡോ.എബ്രഹാം കരിക്കം മുഖ്യപ്രഭാഷണവും നടത്തി.
രാവിലെ 9 മുതൽ വൈകിട്ട് 6 വരെ നടന്ന ഏകദിന സമ്മിറ്റിൽ ഫാ. ഡോ.പാക്യം സാമുവൽ, റബ്ബി എഴീക്കൽ മേൽക്കർ, ഡോ. ഹോമി.ബി. ദല്ല, നീലാക്ഷി രാജ്ഖോവ, വിവേക് മുനി മഹാരാജ്, സിസ്റ്റർ നീലിമ, സ്വാമി ജഗദ് ഗുരു ഡോ.എസ്.എസ്.ചാരുകീർത്തി ഭട്ടാരക്, അമർജിത് സിങ്ങ്, ഇമാം ആരിഫ് ഹുസിക്ക്, ഉസ്താദ് മുതലിബ് അസ്ലാമി, ഡോ.എൻ. രാമലിംഗം, ഡോ. ഡെവിൻ പ്രഭാകർ,ഡോ.ദേവരാജ്.എസ്, സബീർ തിരുമല, ഗ്രീഷ്മ പയസ് രാജു, ഡോ.യു.പി.അനിൽകുമാർ,എം.ഡി. ശശികുമാർ എന്നിവർ ആചാര്യന്മാരുടെ ത്യാഗം, സ്നേഹം, സമാധാനം, ഐക്യം, സമ്മിറ്റ് മുന്നോട്ടു വയ്ക്കുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിച്ചു.