കൊച്ചി: സംസ്ഥാനത്തെ ബസിനുള്ളിൽ ഇനി മുതൽ നിരീക്ഷണ ക്യാമറ ഘടിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഇന്ന് കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ക്യാമറകൾ ഈ മാസം 28 ന് മുൻപായി സ്ഥാപിക്കാനാണ് നിർദ്ദേശം. ക്യാമറ ഘടിപ്പിക്കേണ്ടത് ബസിന്റെ മുൻഭാഗത്തെ റോഡും, ബസിന്റെ അകവശവും കാണാനാവുന്ന തരത്തിലായിരിക്കണം. ഇതിനാവശ്യമായ ചെലവിന്റെ 50% റോഡ് സുരക്ഷാ അതോറിറ്റി വഹിക്കും.
ഓരോ ഉദ്യോഗസ്ഥർക്കും എല്ലാ ബസുകളും നിയമ വിധേയമായാണോ പ്രവർത്തിക്കുന്നതെന്ന കാര്യം പരിശോധിക്കാനായുള്ള ചുമതല തരംതിരിച്ചു നൽകും. ആ ബസുകളുമായി ബന്ധപ്പെട്ട് നിയമ ലംഘനമുണ്ടായാൽ ഉദ്യോഗസ്ഥരടക്കം ഇതിന് ഉത്തര വാദിയായിരിക്കുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.
ഗതാഗതമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം വിളിച്ചു ചേർത്തത് ബസുകളുടെ മത്സര ഓട്ടവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിനായാണ്. കെഎസ്ആർടിസി ബസുകളിലും ക്യാമറ ഘടിപ്പിക്കാൻ നിർദ്ദേശം നൽകി.