കഴക്കൂട്ടം: തുണ്ടത്തിൽ മാധവവിലാസം ഹയർ സെക്കന്ററി സ്കൂളിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് നിർമ്മിക്കുന്ന പാചകപ്പുരയുടെയും ഡൈനിംഗ് ഹാളിന്റെയും നിർമ്മാണത്തിൽ അഴിമതിയെന്ന ആരോപണം. മേൽക്കൂരയിലെ ഷീറ്റുകൾ മുഴുവൻ ദ്വാരം വീണ് ആകാശം കാണാവുന്ന നിലയിലാണ് ഉള്ളതെന്നും ചില ഷീറ്റുകൾ തുരുമ്പുപിടിച്ച നിലയിലാണെന്നുമാണ് ആരോപണം. പി റ്റി എയും നാട്ടുകാരുമാണ് പരാതിയുമായി രംഗത്തെത്തിയത്.
രണ്ടു വർഷം മുൻപ് പൂർവ്വ വിദ്യാർത്ഥികൾ നിർമ്മിച്ച് നൽകിയ പാചകപ്പുര പൊളിച്ചാണ് പുതിയത് പണിയുന്നത്. എന്നാൽ .നിർമ്മാണ വസ്തുക്കൾ ഏറെയും പഴയ പാചകപ്പുര പൊളിച്ച പൈപ്പുകളും ഷീറ്റുകളും ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നതെന്നാണ് ആരോപണമുയരുന്നത്.
കഴക്കൂട്ടം എം എൽ എ കടകംപള്ളി സുരേന്ദ്രന്റെ ആസ്തിവികസന ഫണ്ടിൽ നിന്ന് പത്തു ലക്ഷം രൂപ ചെലവിലാണ് സ്കൂളിൽ പാചകപ്പുരയും ഡൈനിംഗ് ഹാളും നിർമ്മിക്കുന്നത്.ഫണ്ടനുവദിച്ച എം എൽ എയ്ക്ക് അഭിവാദ്യം ചെയ്ത് സിപി എം ഫ്ലക്സ് ബോർഡും സ്ഥാപിച്ചു. പക്ഷെ പത്തു ലക്ഷം രൂപയുടെ നിർമ്മാണമല്ല ഇതെന്നും മുഴുവൻ അഴിമതിയാണെന്നുമാണ് പിറ്റിഎയും നാട്ടുകാരും ആരോപിക്കുന്നത്. എം എൽ എയുടെ നിർദ്ദേശപ്രകാരം പിടിഎ ഭാരവാഹികളെപ്പോലും അറിയിക്കാതെയാണ് പഴയ പാചകപ്പുരയും ഡൈനിംഗ് ഹാളും പൊളിച്ചതെന്നും ഇവർ പറയുന്നു.
എന്നാൽ എസ്റ്റിമേറ്റ് തുക പതിമൂന്നര ലക്ഷമാണെന്നും എയ്ഡഡ് സ്കൂളായതിനാൽ എം എൽ എ ഫണ്ടിൽ നിന്നും പത്തുലക്ഷത്തിലധികം തുക അനുവദിക്കാൻ സാധിക്കില്ല. അതിനാലാണ് പൊളിച്ച നിർമ്മാണ വസ്തുക്കൾ ഉപയോഗിക്കാൻ കരാറുകാരനെ അനുവദിച്ചെന്നുമാണ് എം എൽ എ ഓഫീസിന്റെ വിശദീകരണം.
പരാതി ഉയർന്നതോടെ സംഭവത്തിൽ വിജിലൻസ് അന്വേഷണമാവശ്യപ്പെട്ട് ബിജെപി പ്രവർത്തകരും രംഗത്തെത്തി. വിജിലൻസിൽ പരാതി നൽകുമെന്ന് ബി ജെ പി മണ്ഡലം പ്രസിഡന്റ് ബി ജി വിഷ്ണു പറഞ്ഞു. സംഭവം വിവാദമായതോടെ തുള വീണ ഷീറ്റുകൾ മാറ്റാൻ ജോലിക്കാർ എത്തിയെങ്കിലും പിറ്റിഎയും നാട്ടുകാരും ചേർന്ന് തടഞ്ഞു.