ഡൽഹി: ബിബിസി ഓഫീസുകളിൽ ആദായനികുതി ഉദ്യോഗസ്ഥരുടെ പരിശോധന. ഡൽഹിയിലെയും മുംബൈയിലെയും ഓഫീസുകളിലാണ് റെയ്‌ഡ് നടക്കുന്നത്. ഇന്നു രാവിലെയാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ബിബിസി ഓഫിസുകളിൽ എത്തിയത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെൻററി വിവാദം നിലനിൽക്കുന്നതിനിടെയാണ് പരിശോധന. എന്നാൽ രാജ്യാന്തര നികുതി, വിനിമയം എന്നിവയിലെ ക്രമക്കേടുകളെക്കുറിച്ച് പരാതി ഉയർന്ന സാഹചര്യത്തിലാണ് പരിശോധനയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
റെയ്ഡല്ല, വെറും പരിശോധന മാത്രമാണെന്നും ഫോണുകൾ തിരിച്ചുനൽകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഓഫീസുകളിൽ മാത്രമാണ് പരിശോധനയെന്നും കമ്പനിയുടെ പ്രമോട്ടർമാരുടെയോ ഡയറക്ടർമാരുടെയോ വസതികളിലും മറ്റു സ്ഥലങ്ങളിലും പരിശോധന നടത്തില്ലെന്നും അവർ അറിയിച്ചു.
ഡൽഹിയിൽ എട്ട് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. ബിസിനസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകളും ബിബിസിയുടെ ഇന്ത്യൻ ഭാഷാ ചാനലുകളുടെ വരുമാന രേഖകളും പരിശോധിക്കുന്നു. മുംബൈയിൽ ബിബിസി സ്റ്റുഡിയോ ഓഫീസിലാണ് റെയ്ഡ് നടക്കുന്നത്.