ന്യൂഡൽഹി: കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തുനിന്നും കെ സുധാകരനെ മാറ്റണമെന്നാവശ്യപ്പെട്ട് എം പിമാർ രംഗത്തെത്തിയെന്ന് റിപ്പോർട്ട്. സംസ്ഥാനത്തെ ഏഴോളം എംപിമാരാണ് സുധാകരന്‍റെ പ്രവർത്തനത്തിൽ അതൃപ്തി ഉണ്ടെന്ന് ഹൈക്കമാൻഡിൽ അറിയിച്ചത്. കൂടാതെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തു നിന്നും സുധാകരനെ മാറ്റണമെന്നാവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെയും ഇവർ ബന്ധപെട്ടു.
സുധാകരന്‍റെ പ്രവർത്തനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത് എം കെ രാഘവൻ, കെ മുരളീധരൻ, ടി എൻ പ്രതാപൻ, ബെന്നി ബഹനാൻ, ഡീൻ കുര്യാക്കോസ്, ആന്‍റോ ആന്‍റണി, കൊടികുന്നിൽ സുരേഷ് തുടങ്ങിയവരാണ്. കെ സി വേണുഗോപാല്‍ സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനെ കാണാനാണ് എംപിമാരോട് നിര്‍ദേശിച്ചത്. തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച കോണ്‍ഗ്രസ് പാര്‍ലമെന്‍ററി കമ്മിറ്റി യോഗത്തിൽ വെച്ച് എംപിമാര്‍ താരിഖ് അന്‍വറിനെ കണ്ട് ആവശ്യം ഉന്നയിച്ചു.
കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ തങ്ങളോട് കൂടിയാലോചനകളൊന്നും നടത്തുന്നില്ല, സംഘടനാ പുനഃസംഘടന നടത്തുന്നതില്‍ കാലതാമസം വരുത്തുകയാണ് തുടങ്ങിയ പരാതികളാണ് എംപിമാര്‍ ഉന്നയിച്ചത്. സംഘടനാ തലത്തിലുള്ള പുനർസംഘടന നീണ്ടു പോവുന്നതു മൂലം താഴേ തട്ടിലെ പ്രവർത്തനങ്ങൾ കൃത്യമായി മുന്നോട്ടു പോവുന്നില്ല. പൊതു തെരഞ്ഞെടുപ്പിന് വെറും ഒരു വർഷം മാത്രം ശേഷിക്കവെ ഇത്തരം പ്രവർത്തനങ്ങൾ തിരിച്ചടിക്ക് കാരണമാവുമെന്നും എംപിമാർ ചൂണ്ടിക്കാണിക്കുന്നു.