തിരുവനന്തപുരം: പരിമിതികള്‍ ഇന്നവര്‍ക്ക് പ്രതിബന്ധമല്ല, ആഘോഷമാണ്.. അതാണ് ഇന്നലെ ഡിഫറന്റ് ആര്‍ട് സെന്ററിലെത്തിയ ഭിന്നശേഷിക്കുട്ടികള്‍ തെളിയിച്ചത്. പാട്ടപാടിയും നൃത്തം ചെയ്തും തമാശകള്‍ പങ്കിട്ടും കൂട്ടുകൂടിയും 100 ഭിന്നശേഷിക്കുട്ടികളാണ് ഇന്നലെ ഡിഫറന്റ് ആര്‍ട് സെന്ററിന്റെ പടികടന്നെത്തിയത്. കലകളില്‍ വിസ്മയം തീര്‍ക്കാനെത്തിയവരെ സെന്ററിലെ പഴയ ബാച്ചിലെ കുട്ടികള്‍ കൊട്ടുംപാട്ടുമായി സ്വീകരിച്ചു. പുതിയ കുട്ടികളെ സ്വീകരിക്കാന്‍ അലങ്കാരങ്ങളുടെ വര്‍ണവിസ്മയമൊരുക്കാനും അവര്‍ മറന്നില്ല. ഡിഫറന്റ് ആര്‍ട് സെന്ററിലെ മൂന്നാം ബാച്ചിന്റെ പ്രവേശനോത്സവ ചടങ്ങാണ് കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായത്. ഇത്തവണ കേരളത്തില്‍ നിന്നുള്ള കുട്ടികള്‍ക്ക് പുറമേ ഡല്‍ഹി, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളും പ്രവേശനത്തിന് അര്‍ഹത നേടിയിട്ടുണ്ട്.
പ്രവേശനോത്സവ ചടങ്ങ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. നമ്മുടെ സമൂഹത്തില്‍ പ്രഥമ പരിഗണന കൊടുക്കേണ്ട വിഭാഗമാണ് ഭിന്നശേഷിക്കാരെന്ന് പ്രവേശന ചടങ്ങ് ഉദ്ഘാടനത്തിനിടെ മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഭിന്നശേഷിക്കാര്‍ ഇനിയും അകത്തളങ്ങളില്‍ അകപ്പെട്ടിരിക്കാതെ പുറത്തേയ്ക്കിറങ്ങി സമൂഹത്തിന്റെ ഒരു ഭാഗമാണെന്ന് തെളിയിക്കണം. അവര്‍ക്കും എല്ലായിടങ്ങളിലും തുല്യമായൊരു സ്ഥാനം കൊടുക്കാന്‍ സമൂഹവും ശ്രദ്ധിക്കണം. ഇത്തരത്തില്‍ കുട്ടികള്‍ക്ക് പരിഗണന നല്‍കി അവരുടെ കഴിവുകള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ മുതുകാടും ഡിഫറന്റ് ആര്‍ട് സെന്ററും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കേരളം ഏറ്റെടുക്കണം. ഡിഫറന്റ് ആര്‍ട് സെന്റര്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് തന്നെ ഭിന്നശേഷി മേഖലയുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആയി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഷിബു.എ ഐ.എ.എസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ചലച്ചിത്രതാരം അജയ കുമാര്‍ (ഗിന്നസ് പക്രു) മുഖ്യാതിഥിയായി.
പരിമിതിയാണ് ഇനിക്ക് വളരാനുള്ള പ്രചോദനം നല്‍കിയതെന്ന് ഗിന്നസ് പക്രു പറഞ്ഞു. തന്റെ സ്വതസിദ്ധമായ കഴിവുകള്‍ കുട്ടികള്‍ക്കായി അവതരിപ്പിച്ചുകൊണ്ടാണ് പക്രു സദസ്സിനെ കൈയിലെടുത്തത്. ട്രയിനിന്റെയും ഡ്രംസിന്റെയും ശബ്ദാനുകരണം കുട്ടികള്‍ ഏറ്റെടുത്തു. അത്ഭുതദ്വീപ് സിനിമയിലെ ചക്കരമാവിന്റെ കൊമ്പത്ത് എന്ന ഗാനം പക്രു ആലപിച്ചതോടെ ഭിന്നശേഷിക്കുട്ടികള്‍ സദസ്സിലേയ്ക്കിറങ്ങിവന്ന് നൃത്തം ചെയ്ത് പ്രവശേനോത്സവം ആഘോഷമാക്കി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ച മൂവായിരത്തില്‍പ്പരം അപേക്ഷകളില്‍ നിന്ന് സ്‌ക്രീനിംഗ് നടത്തി ഏറ്റവും അനുയോജ്യരായ 100 കുട്ടികളെയാണ് തിരഞ്ഞെടുത്തത്. ഇവര്‍ക്ക് മാജിക്കും പാട്ടും നൃത്തവും ചിത്രരചനയുമൊക്കെയായി പരിമിതികളെ അതിജീവിക്കുവാനുള്ള പ്രത്യേക പരിശീലനമാണ് ഒരു വര്‍ഷം നല്‍കുക. ഇതിനായി പ്രത്യേക കരിക്കുലമാണ് ഉപയോഗിക്കുക. കൂടാതെ അഗ്രികള്‍ച്ചറല്‍ തെറാപ്പി, സ്പോര്‍ട്സ് സെന്റര്‍, വിവിധ തെറാപ്പികള്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍ തുടങ്ങിയ സേവനങ്ങളും സെന്ററില്‍ നിന്നും കുട്ടികള്‍ക്ക് സൗജന്യമായി ലഭിക്കും.