-സബിത രാജ്-
കാലത്തിന്റെ മാറ്റം അതിവേഗം കടന്നു വന്നൊരു ഇടമായിരുന്നു ആർത്തവത്തിന്റേത്. സ്ത്രീകളും പുരുഷനും ആർത്തവത്തെ ഒരുപോലെ ചർച്ച ചെയ്തു. അടുക്കള പുറത്ത് പഴയ ചാക്ക് നിവര്‍ത്തി ഏഴരവെളുപ്പിന് എഴുന്നേറ്റ് കുളിച്ച് തുണിയുടുത്ത് ആരെയും കാണാതെ അകത്ത് കുത്തിയിരുന്ന സമയമൊക്കെ മാറി. മാറ്റങ്ങള്‍ ഇങ്ങനെ നീണ്ടു പോകുവല്ലെ ? സാനിറ്ററി പാഡുകളിൽ നിന്നും ഞൊടിയിടയിൽ മെൻസ്ട്രുൾ കപ്പിലേക്ക് കുടിയേറിയ വലിയൊരു വിഭാഗം സ്ത്രീകൾക്കും അതൊരു വിപ്ലവം തന്നെയായിരുന്നു.
മെൻസ്ട്രുൽ കപ്പിന് ലഭിച്ച സ്വീകാര്യതയെ പറ്റി പറയുമ്പോൾ ആദ്യമേ ഓർമ്മവരുന്നത്
മനോരമ പത്രത്തിന്റെ എഡിറ്റോറിയലിൽ വർഷങ്ങൾക്കു മുൻപ് ഒരു ആർട്ടിക്കിൾ വരികയുണ്ടായി. “പാഡിന് പകരം വരുന്നു മെൻസ്ട്രുൽ കപ്പുകൾ.” അന്ന് അതൊരു അത്ഭുതമായിരുന്നു. എന്നാൽ സാധാരണ മനുഷ്യരിലേക്ക് അവ എത്തുമെന്നോ അതിന്റെ വിലയെപ്പറ്റിയോ അന്ന് ഒരു ധാരണയും ഉണ്ടായിരുന്നില്ല. രണ്ടു കൊല്ലം മുന്നേ വരെ …
അതിനെ പറ്റി ചാനലുകളിലും യൂട്യുബിലും കണ്ടു ട്രൈ ചെയ്യാം എന്നൊരു തോന്നലിൽ നിന്നുമാണ് ആദ്യ മെൻസ്ട്രുൽ കപ്പ് എന്റെ കൈകളിലേക്ക് എത്തുന്നത്. അങ്ങനെ ഒരു ചിന്ത വരാൻ കാര്യങ്ങളും ഉണ്ട്. കുതിച്ചുയരുന്ന സാനിറ്ററി പാഡുകളുടെ വില. അത്യാവശ്യം നല്ലരീതിയിൽ ബ്ലീഡിങ് ഉള്ള ഒരു വ്യക്തിയ്ക്ക് മിനിമം അഞ്ചു ദിവസത്തേയ്ക്ക് കുറഞ്ഞത് പതിനഞ്ചു പാഡുകളെങ്കിലും വേണ്ടി വരുന്നു. നിലവിൽ കിട്ടുന്ന പാഡുകളിൽ ചെറിയ പാഡുകൾ തന്നെ ഒരു പാക്കറ്റിനു 50 -60 രൂപയ്ക്ക് കിട്ടുന്നതോ ആറോ ഏഴോ എണ്ണം. ഒരു മാസം കടന്നുകിട്ടാൻ മിനിമം ഇരുന്നൂറ് മുതൽ കൊടുക്കേണ്ടി വരുന്നു.
എന്നാൽ ബ്ലീഡിങ് കൂടുതലുള്ള സ്ത്രീകൾക്ക് പലപ്പോഴും ഈ ചെറിയ പാക്കറ്റുകൾ ഫലപ്രദമാവാറില്ല. കുറച്ചുകൂടി വലിപ്പമുള്ള പാഡുകൾ തിരഞ്ഞെടുക്കുമ്പോൾ പലപ്പോഴും വില ഒരു പാക്കറ്റിനു ഇരുനൂറ്റിഅൻപത് മുതൽ തുടങ്ങും. ഇത് മാസം അഞ്ഞൂറ് അറുനൂറ് രൂപയുടെ ചെലവ് വരുത്തി വെക്കുന്നു. കൂടാതെ സാനിറ്ററി പാഡുകൾ ഉപയോഗശേഷം നശിപ്പിച്ചു കളയുക എന്നത് വലിയൊരു കടമ്പ തന്നെയാണ്. ചിലരത് കത്തിച്ചുകളയുന്നു. ചിലർ കുഴിച്ചിടുന്നു. മറ്റുചിലരോ ക്ലോസെറ്റിലിട്ടു വെള്ളമൊഴിക്കുന്നു ഒടുവിൽ ബാത്ത്റൂമിലെ പൈപ്പ് ബ്ലോക്ക് ആക്കി ഞാൻ ഒന്നും അറിഞ്ഞില്ല എന്ന ഭാവത്തോടെ നടക്കുന്നു. ഒടുവിൽ പ്ലമ്പറിന്റെ വായിലെ തെറിയും കേട്ട് നമ്രശിരസ്കയായി നില്കുന്നു.
പണ്ട് ഒൻപതാം ക്ലാസ്സിൽ ബയോളജി ക്ലാസ് എടുക്കാൻ വന്ന ടീച്ചർ മെൻസ്ട്രുൽ സൈക്കിളിനെ കുറിച്ച് പറഞ്ഞപ്പോൾ പെൺകുട്ടികൾ മാത്രമായിരുന്ന ക്ലാസ്സിൽ പാഡിനെ ഡിസ്പോസ് ചെയുന്ന രീതിയെ കുറിച്ച് ചർച്ച ചെയ്യുകയുണ്ടായി. അന്ന് പാഡ് കുഴിച്ചിടും എന്ന് പറഞ്ഞ വലിയൊരു വിഭാഗം കുട്ടികള്‍ ക്ലാസ്സിലുണ്ടായിരുന്നു. അന്ന് ടീച്ചർ തമാശയ്ക്ക് പറഞ്ഞൊരു ഡയലോഗ് ഉണ്ട്. കുഴിച്ചിട്ടതിന്റെ പിറ്റേന്ന് കാലത്ത് പട്ടി മാന്തിയെടുത്ത് വീടിനു മുന്നിൽ കൊണ്ടിട്ടാൽ തീരും ഈകുഴിച്ചിടൽ. അന്ന് നിര്‍ത്താതെ ചിരിച്ചെങ്കിലും സത്യമാണ് എന്തൊക്കെ ചിന്തിക്കണം അല്ലെ?
സാനിറ്ററി പാഡുകളുടെ മറ്റൊരു നെഗറ്റീവ് അതിന്റെ ഉപയോഗം കൊണ്ടുണ്ടാകുന്ന സ്കിൻ റാഷസ്, ചൊറിച്ചിൽ ചൂട് ഒക്കെ ആണ്. കടുത്ത വേദനയും മൂഡ്‌സ്വിങ്ങ്സും ഉള്ളപ്പോള്‍ അതും കൂടി ആകുമ്പോള്‍ സുഖം. മര്യാദയ്ക്ക് നീണ്ടു നിവർന്നു കിടക്കാൻ പോലും ഇത്തരം സമയങ്ങളിൽ പറ്റാറില്ല. അലാറം പോലെ പാഡ് മാറേണ്ട സമയം മനസ്സിൽ ഉരുവിട്ട് ഉറങ്ങാൻ കിടക്കുന്നതും ഓവർ ഫ്ലോ കാരണം ദേഹത്തും ഡ്രസ്സിലും ആകുന്നതും ഉറക്കം നഷ്ടപ്പെടുന്നതും പതിവാണ്. ചുരുണ്ടു കൂടി കിടക്കുന്ന ടൈം നമ്മളെക്കാൾ ശ്രദ്ധയോടെ പാഡുകൾ അങ്ങേയറ്റം ചുരുണ്ടുകൂടി പോകുന്നത് എന്തൊരു ദുരന്തം ആണല്ലേ? കാലിന്റെ ഇടുക്കുകളില്‍ ഉരഞ്ഞ് മുറിവായി അതിന്റെ നീറ്റലും കൊണ്ട് നടക്കാന്‍ വയ്യാതെ വീട്ടിലിരിപ്പാവുന്നതൊക്കെ ആലോചിക്കുമ്പോള്‍ തന്നെ പേടി ആവും .
പിന്നെ എന്തുകൊണ്ട് മെൻസ്ട്രുൽ കപ്പിലേക്ക് മാറിക്കൂടാ എന്നൊരു ചിന്ത വന്നപ്പോൾ കണ്ണും പൂട്ടി സൈസ് പോലും നോക്കാതെ ഒന്ന് വാങ്ങി. അത് വാങ്ങി കഴിഞ്ഞതിൽ പിന്നെയാണ് സൈസിനെ പറ്റി ബോധവതിയായത് എന്ന് വേണം പറയാൻ. ഇന്ന് മാർക്കറ്റിൽ ഒരുപാടു കമ്പനികളുടെ മെൻസ്ട്രുൽ കപ്പ് ഉണ്ട്. ആദ്യം ആകർഷിച്ചത് അവയുടെ വില തന്നെയാണ്, ഇരുനൂറ്റി തൊണ്ണൂറു രൂപയ്ക്ക് കുറഞ്ഞത് പത്ത് വർഷം എങ്കിലും ഉപയോഗിക്കാം.എത്ര പൈസ പാഡ് വാങ്ങി കളഞ്ഞു അല്ലെ ? കുറഞ്ഞത് പന്ത്രണ്ട് മണിക്കൂറെങ്കിലും ലീക്കേജ് ഇല്ലാതെ പ്രൊട്ടക്ഷൻ കിട്ടും എന്നറിഞ്ഞതോടെ കണ്ണുമടച്ച് വാങ്ങി.
ആദ്യമൊക്കെ ഉപയോഗിക്കാൻ നല്ല കഷ്ടപ്പെട്ടു. പക്ഷെ ഒന്നുരണ്ടു സൈക്കിൾ കഴിഞ്ഞതോടെ ആള് നമ്മടെ പ്രിയപ്പെട്ടതായി മാറി. പീരിയഡിന്റെ വേദന ഇല്ല എങ്കിൽ പീരിയഡ്‌സിൽ ആണ് എന്നുപോലും മറന്നു പോകും. അത്രയ്ക്ക് കംഫർട് ആണ് മെൻസ്ട്രുൽ കപ്പ്. ഓരോ പീരിയഡ്‌സിനും മുൻപും ശേഷവും വെള്ളത്തിലിട്ട് അഞ്ചുമിനിറ്റ് തിളപ്പിച്ച ശേഷം അതിന്റെ തന്നെ ക്ലോത്ത് ബാഗില് സൂക്ഷിക്കാം. മറ്റൊന്നിന്റെയും ടെൻഷൻ ഇല്ല,അലര്‍ജി ഇല്ല ,ടെൻഷൻ ഫ്രീ പീരിയഡ്‌സ്. തുടർച്ചയായി യാത്രകൾ ചെയ്യുന്നവർക്കും ജോലിക്ക് പോകുന്നവർക്കും ഒക്കെ വളരെ ഉപയോഗപ്രദമാണ് കപ്പുകള്‍. ഇത് ഉപയോഗിച്ച് പീരിയഡ്‌സ് സമയത്ത് നീന്താൻ വരെ കഴിയുമെന്ന് ഉപയോഗിച്ചവർ തന്നെ പറയുന്നു. പിന്നെ എന്തിനു ഭയക്കണം ? എന്തിനെ ഭയക്കണം ?
മെൻസ്ട്രുൽ കപ്പിന്റെ ഉപയോഗം അറിയാത്തത് കൊണ്ടും പേടി കൊണ്ടും വാങ്ങി അലമാരയിൽ സൂക്ഷിക്കുന്ന കുറച്ചധികം ആളുകൾ ഉണ്ട്. ഒരുതവണ യൂസ് ചെയ്താൽ പിന്നെ നിങ്ങൾ ഒരിക്കലും പാഡിലേക്ക് മടങ്ങില്ല ഉറപ്പ്. പിന്നെ ചിലർക്കെങ്കിലും ഉള്ള സംശയമാണ് ഇത് ഉള്ളിൽ കയറിപോയാൽ എന്ത് ചെയ്യുമെന്ന്. അതങ്ങനെ ഉള്ളിലൊന്നും കയറി പോകില്ലന്നെ. നമ്മുടെ ശരീരത്തെ പറ്റി നമുക്കറിയില്ലെങ്കിൽ മറ്റാർക്ക് ആണ് നന്നായി അത് അറിയുക. ഉപയോഗിക്കാൻ മടിച്ചു നില്കുന്നവർക്ക് വേണ്ടി ആണ് ഈ എഴുത്ത്. ജീവിതത്തിൽ വിപ്ലവങ്ങൾ കൊണ്ടുവരാൻ ആഗ്രഹമില്ലാത്തവർ ആരാണ്? മാറ്റങ്ങൾ ഒക്കെ രണ്ടും കൈയ്യും നീട്ടി സ്വീകരിക്കുക. നമ്മള്‍ക്ക് വേണ്ടി മാത്രം.