തിരുവനന്തപുരം: കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ ആത്മപരിശോധന നടത്തണമെന്ന് ഗോവ ഗവര്‍ണര്‍ പി. എസ്. ശ്രീധരന്‍ പിള്ള. എം. എസ് മണി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍കാലങ്ങളില്‍ ദേശീയ രാഷ്ട്രീയത്തിലെ പല നിര്‍ണ്ണായക മുഹൂര്‍ത്തങ്ങളും നിയന്ത്രിച്ചിരുന്നതും പ്രധാന പങ്കു വഹിച്ചതും മാധ്യമപ്രവര്‍ത്തകരാണെന്നും എം എസ് മണിക്കൊപ്പം വി.കെ മാധവന്‍ കുട്ടി ,ടി. വി. ആര്‍ ഷേണായ്, നരേന്ദ്രന്‍ തുടങ്ങിയവര്‍ ഒക്കെ ഉണ്ടായിരുന്നു. കേരളം എന്ന കൊച്ചു സംസ്ഥാനത്തില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ ദില്ലി രാഷ്ട്രീയത്തിലെ നിയാമക ശക്തി ആയിരുന്നു. എന്നാല്‍ ഇന്ന് മലയാള മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും എവിടെ എത്തിയിരിക്കുന്നു എന്ന് സ്വയം വിമര്‍ശനം നടത്തണം എന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.
കേരളത്തില്‍ പത്രാധിപര്‍ എന്നു പറഞ്ഞാല്‍ ഒരാളെ ഉണ്ടായിരുന്നുള്ളു. അത് കെ. സുകുമാരന്‍ ആണ്. അദ്ദേഹത്തിന്റെ കുടുംബ ചരിത്രം എടുത്തു നോക്കിയാല്‍ കേരള ചരിത്രത്തിന്റെ തന്നെ ഒരു സുപ്രധാന ഭാഗം അതിലുണ്ടാകും. അങ്ങനെ ചരിത്രമെഴുതുന്ന പൈതൃകം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്ന ആളാണ് എം. എസ് മണി. അദ്ദേഹത്തെ പോലെ ഒരു മാധ്യമപ്രവര്‍ത്തകരും പത്രാധിപരും ഉണ്ടാവുമോ എന്ന് സംശയം ഉണ്ടെങ്കിലും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താനെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
എല്ലാം തകര്‍ക്കുന്ന കൊടുംകാറ്റായി ആഞ്ഞടിക്കുന്നതിനേക്കാളും സൃഷ്ടി പരമായി തഴുകി കടന്നു പോകുന്ന ഇളം കാറ്റയിരുന്നു എം എസ് മണി. ആശയങ്ങള്‍ കൊണ്ടാണ് മണി സാമൂഹിക ഇടപെടലുകള്‍ നടത്തിയത്. പുതിയ തലമുറ എക്കാലവും മാതൃക ആകേണ്ടതും പഠിക്കേണ്ടതുമായ പാഠ പുസ്തകമായിരുന്നു മണിയുടെ ജീവിതമെന്നും ഗോവ ഗവര്‍ണര്‍ ചൂണ്ടി കാട്ടി.