തിരുവനന്തപുരം: സിപിഎം “ജനകീയ പ്രതിരോധ ജാഥ’ ഇന്ന് കാസർഗോഡ് നിന്നാരംഭിക്കും. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തിലാണ് ജാഥ ആരംഭിക്കുന്നത്. 140 നിയമസഭാ മണ്ഡലങ്ങളിലൂടെ ജാഥ കടന്നു പോകും. മാർച്ച് 18നു തിരുവനന്തപുരത്താണ് സമാപിക്കുക. മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പളയിൽ വൈകിട്ടു 4നാണ് ജാഥ ആരംഭിക്കുന്നത്. എം.വി. ഗോവിന്ദന് പതാക കൈമാറി മുഖ്യമന്ത്രിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ ജാഥ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജുവാണ് ജാഥാ മാനെജർ. കേന്ദ്ര കമ്മിറ്റി അംഗം സി.എസ്. സുജാത, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്, സംസ്ഥാന കമ്മിറ്റി അംഗം ജെയ്ക് സി. തോമസ്, കെ.ടി. ജലീൽ എംഎൽഎ എന്നിവർ സ്ഥിരാംഗങ്ങളാണ്. സമാപന സമ്മേളനം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.
വര്‍ത്തമാനകാല സ്ഥിതികൾ ചര്‍ച്ച ചെയ്തും ജനങ്ങളുമായി സംവദിച്ചുമാണ് ഗോവിന്ദൻ നയിക്കുന്ന ആദ്യ സംസ്ഥാനതല പ്രചാരണ ജാഥ മുന്നോട്ട് പോവുക. കാസര്‍ഗോഡ് ജില്ലയില്‍ ചെര്‍ക്കള, കുണ്ടംകുഴി, കാഞ്ഞങ്ങാട് ,കാലിക്കടവ് എന്നിവടങ്ങളിൽ സ്വീകരണം നൽകും. തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിക്കും.
കേന്ദ്ര സർക്കാരിനെതിരെയുള്ള രാഷ്ട്രീയ പ്രചാരണ പരിപാടി എന്ന നിലയ്ക്കാണ് സിപിഎം ജാഥ സംഘടിപ്പിക്കുന്നത്.