spot_imgspot_img

മുഖ്യമന്ത്രി ജനങ്ങൾക്ക് മുന്നിൽ പരിഹാസ്യനാകുന്നു; മുഖ്യമന്ത്രി ആയിരം പോലീസുകാർക്കിടയിൽ ഒളിക്കുന്ന ഭീരുവാകരുതെന്ന് വി ഡി സതീശൻ

Date:

spot_img

കോഴിക്കോട്: മരണ വീടുകളില്‍ കരിങ്കൊടി കെട്ടാനും പൊതുജനങ്ങള്‍ക്ക് കറുത്ത മാസ്‌കും വസ്ത്രങ്ങളും ധരിക്കാനും അനുവദിക്കാത്ത മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ പരിഹാസ്യനാകുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വഴിയരികില്‍ രണ്ട് കുട്ടികള്‍ കരിങ്കൊടി ഉയര്‍ത്തിക്കാട്ടിയാല്‍ ആയിരം പൊലീസുകാര്‍ക്ക് ഇടയിലേക്ക് ഓടിയൊളിക്കുന്ന ഭീരുവായി മുഖ്യമന്ത്രി മാറി. കോണ്‍ഗ്രസ് ആത്മഹത്യാ സ്‌ക്വാഡുകളെ നിയോഗിച്ചിരിക്കുകയാണെന്നാണ് പാര്‍ട്ടി സെക്രട്ടറി പറഞ്ഞത്. പ്രതിഷേധം പ്രകടിപ്പിക്കുന്ന കുട്ടികളെയാണ് ആത്മഹത്യാ സ്‌ക്വാഡെന്ന് വിളിച്ചതെന്ന് വി ഡി സതീശൻ പറഞ്ഞു. നികുതിക്കൊള്ളയ്‌ക്കെതിരെ സമരം പ്രഖ്യാപിച്ചപ്പോള്‍ യു.ഡി.എഫിന് സത്യഗ്രഹം മാത്രമെ നടത്താന്‍ അറിയൂവെന്നാണ് മുഖ്യമന്ത്രി പരിഹസിച്ചത്. എന്നിട്ടിപ്പോള്‍ പൊലീസിന്റെ മറവില്‍ ഒളിക്കുന്ന മുഖ്യമന്ത്രിയെ കേരളത്തിന് കാണാന്‍ പോലും കിട്ടുന്നില്ല.

സത്യഗ്രഹത്തില്‍ നിന്നും ആത്മഹത്യാ സ്‌ക്വാഡിലേക്ക് പ്രതിപക്ഷത്തിന്റെ സമരം വളര്‍ന്നെന്ന് സി.പി.എം സമ്മതിച്ചിരിക്കുകയാണ്. ജനകീയ സമരങ്ങള്‍ നടത്തുന്നവരെ അര്‍ബന്‍ നക്‌സലൈറ്റുകളെന്നും തീവ്രവാദികളെന്നും വിളിച്ചതിന് പുറമെയാണ് ഇപ്പോള്‍ ആത്മഹത്യാ സ്‌ക്വാഡെന്നും വിശേഷിപ്പിക്കുന്നത്. സമരം ഇനിയും ശക്തിപ്പെടുത്തും. സര്‍ക്കാരിനെ സമരത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ പ്രതിപക്ഷത്തിന് കഴിയുമെന്ന് വ്യക്തമായിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഒരു ലക്ഷത്തില്‍ അധികം സംരംഭങ്ങള്‍ തുടങ്ങി 207000 പേര്‍ക്ക് ജോലി നല്‍കിയെന്ന വ്യവസായ വകുപ്പിന്റെയും മുഖ്യമന്ത്രിയുടെയും അവകാശവാദം തട്ടിപ്പാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. 5 വര്‍ഷം കൊണ്ട് ലൈഫ് മിഷനിലൂടെ രണ്ടര ലക്ഷം വീടുകള്‍ മാത്രമാണ് നിര്‍മ്മിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് 5 വര്‍ഷം കൊണ്ട് 455000 വീടുകള്‍ നിര്‍മ്മിച്ചു. എന്നിട്ടാണ് രണ്ടര ലക്ഷം വീട് നിര്‍മ്മിച്ചവര്‍ കൊട്ടിഘോഷിക്കുന്നത്. ഐ.ജി.എസ്.ടിയില്‍ കൃത്യമായ കണക്കുകള്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് ഒരു വര്‍ഷം 5000 കോടി രൂപയാണ് കേരളത്തിന് നഷ്ടപ്പെടുന്നത്. ഈ മൂന്ന് വിഷയങ്ങളും പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചിട്ടും മറുപടി നല്‍കാന്‍ മന്ത്രിമാരോ മുഖ്യമന്ത്രിയോ തയാറാകുന്നില്ലെന്നും എല്ലാം കറുപ്പില്‍ മറയ്ക്കാമെന്നാണ് കരുതുന്നതെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. കറുപ്പിനോട് എന്തിനാണ് ഇത്ര വെറുപ്പ്. മരണ വീട്ടിലെ കരിങ്കൊടി പോലും അഴിച്ചുമാറ്റുന്ന പരിതാപകരമായ അവസ്ഥയില്‍ സി.പി.എം എത്തിയിരിക്കുകയാണ്.

പ്രതിപക്ഷ പ്രതിഷേധത്തിന്റെ ഒരു ഭാഗം മാത്രമാണ് കരിങ്കൊടി കാട്ടല്‍. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ കരിങ്കൊടി കാണാന്‍ ഭാഗ്യമുണ്ടായ കേരളത്തിലെ ഏക മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ എടുത്തതു കൊണ്ടാണ് പാലക്കാട്ട് മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയത്. കരുതല്‍ തടങ്കലിനെതിരെ നിയമ നടപടി സ്വീകരിക്കും. കരുതല്‍ തടങ്കല്‍ നിയമവിരുദ്ധമാണെന്ന സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമായ നിലപാടാണ് കേരളത്തിലെ പൊലീസ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എം.വി.ഗോവിന്ദൻ നയിക്കുന്നത് സ്വപ്നയേയും ആകാശ് തില്ലങ്കേരിയേയും പ്രതിരോധിക്കാനുള്ള യാത്ര

സി.പി.എം പ്രതിരോധ ജാഥയാണ് നടത്തുന്നത്. അത്രയും വലിയ പ്രതിരോധത്തിലാണ് കേരളത്തിലെ സി.പി.എം. ലഹരിക്കടത്തും കൊട്ടേഷന്‍ ആക്രമണങ്ങളും സ്വര്‍ണക്കടത്തും കൊലപാതകങ്ങളും സ്ത്രീപീഡനങ്ങളും ഉള്‍പ്പെടെ സംസ്ഥാനത്ത് നടക്കുന്ന എല്ലാ സാമൂഹ്യവരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലും സി.പി.എം നേതാക്കളും അനുഭാവികളുമാണ്. 33 വര്‍ഷത്തെ ഭരണത്തിന്റെ അവസാനകാലം ബംഗളിലെ സി.പി.എമ്മിനെ ബാധിച്ച ജീര്‍ണതയാണ് കേരളത്തിലും. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പില്‍ സെക്രട്ടറി സ്വര്‍ണക്കടത്ത് കേസില്‍ നൂറ് ദിവസം ജയിലില്‍ കിടന്നു. അതേ വ്യക്തി രണ്ടാമതും കോഴക്കേസില്‍ ജയിലിലാണ്. സ്വപ്‌ന സുരേഷിനെ ധന സമ്പാദനത്തിനും ആകാശ് തില്ലങ്കേരിയെ പോലുള്ള ക്രിമിനലുകളെ രാഷ്ട്രീയ എതിരാളികളെ വകവരുത്താനും സി.പി.എം ഉപയോഗിച്ചു. ആകാശ് തില്ലങ്കേരിയെന്ന മൂന്നാംകിട ക്രിമിനലിന്റെ വിരല്‍ത്തുമ്പില്‍ സി.പി.എം വിറയ്ക്കുകയാണ്. ആകാശ് മോനെ വിഷമിപ്പിക്കരുതെന്നാണ് നേതാക്കള്‍ അണികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ആകാശ് മോനെ വിഷമിപ്പിച്ചാല്‍ കൊലപാതകങ്ങള്‍ക്ക് പിന്നിലുള്ള ഏതൊക്കെ നേതാക്കളുടെ പേര് വിളിച്ച് പറയുമെന്ന ഭയത്തിലാണ് സി.പി.എം. സ്വപ്‌നയെയും ആകാശ് തില്ലങ്കേരിയെയും പേടിക്കുന്ന പാര്‍ട്ടിയായി സി.പി.എം മാറിയിരിക്കുകയാണ്. ഇതിനെയൊക്കെ പ്രതിരോധിക്കാന്‍ എം.വി ഗോവിന്ദന്‍ നടത്തുന്ന പ്രതിരോധ ജാഥ നല്ലതാണ്.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

എച്ച്. ഷംസുദ്ദീൻ അന്ത-രി-ച്ചു

കണിയാപുരം: കണിയാപുരം ധന്യ സൂപ്പർ മാർക്കറ്റിന് എതിർ വശത്ത്  പണയിൽ വീട്ടിൽ...

ഒറ്റ തിരഞ്ഞെടുപ്പ്, ആർ എസ് എസിന്റെ സമഗ്രാധിപത്യ പദ്ധതിയുടെ ഭാഗം: റസാഖ് പാലേരി

തിരുവനന്തപുരം: ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഏകീകരിക്കാനുള്ള മോദി സർക്കാരിൻ്റെ ശ്രമം ആർ...

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാന്‍ കെഎസ് യുഎം താല്പര്യപത്രം ക്ഷണിക്കുന്നു

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകളുടെ ബിസിനസ് കൂടുതല്‍ എളുപ്പമാക്കുന്നതിന് അക്കൗണ്ടന്‍സി, നിയമസഹായം അടക്കമുള്ള പ്രൊഫഷണല്‍...
Telegram
WhatsApp