തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഫണ്ട് തട്ടിപ്പ് കേസിൽ അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങി വിജിലൻസ്. ദുരിതാശ്വാസ നിധി ഫണ്ടിൽ ക്രമക്കേടുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപകമായി കലക്ട്രേറ്റുകളില്‍ മിന്നല്‍ പരിശോധന നടത്തിയത്. വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വലിയ ക്രമക്കേടാണ് കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് പരിശോധന വ്യാപകമാക്കാനുള്ള വിജിലന്‍സിന്റെ തീരുമാനമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഇതുസംബന്ധിച്ച് വിജിലന്‍സിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും നിര്‍ദേശം നല്‍കിയിരുന്നു.
‘ഓപ്പറേഷന്‍ സിഎംഡിആര്‍എഫ്’ എന്ന പേരിലാണ് പരിശോധന ആരംഭിച്ചത്. പരിശോധനയില്‍ എല്ലാ ജില്ലകളിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. മുന്നൂറില്‍ അധികം അപേക്ഷകളാണ് ഒരു ജില്ലയില്‍ ആദ്യഘട്ടത്തില്‍ പരിശോധിച്ചത്. അര്‍ഹരായ അപേക്ഷകരെ ഉപയോഗിച്ച് ഇടനിലക്കാര്‍ ധനസഹായത്തിന് അപേക്ഷ സമര്‍പ്പിക്കുകയും, അപേക്ഷ നല്‍കുന്ന വ്യക്തിയുടെ പേരിനൊപ്പം ഇടനിലക്കാരുടെ ഫോണ്‍ നമ്പര്‍ നല്‍കി തട്ടിപ്പ് നടത്തിയെന്നും വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. ഒരേ ഡോക്ടര്‍ നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചും വ്യാപക ക്രമക്കേട് നടത്തിയെന്നും അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ട്.
സംഘടിതമായ തട്ടിപ്പാണ് ഇതെന്നാണ് മനസ്സിലാക്കുന്നതെന്ന് വിജിലന്‍സ് എഡിജിപി മനോജ് എബ്രഹാം വ്യക്തമാക്കി. വില്ലേജ് ഓഫീസ്, ഗുണഭോക്താക്കളുടെ വീടുകള്‍ എന്നിവിടങ്ങളിലും പരിശോധന തുടരുമെന്നും തട്ടിപ്പിന്റെ പങ്ക് പറ്റല്‍ രീതി എങ്ങനെയെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.