തിരുവന്തപുരം: രണ്ടര മണിക്കൂര്‍ നീണ്ട ഉദ്വേഗരംഗങ്ങള്‍ക്കൊടുവില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. കോഴിക്കോട് നിന്ന് ദമ്മാമിലേക്ക് പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തിരമായി നിലത്തിറക്കിയത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് 9.45ന് ദമ്മാമിലേക്കു പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് (ഐഎക്സ് 385) പറന്നുയര്‍ന്നതിന് ശേഷണാണ് സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. ടേക്ക് ഓഫിനിടെ വിമാനത്തിന്റെ പിന്‍ഭാഗം റണ്‍വേയില്‍ തട്ടിയതായാണ് സംശയം.
വിഷയം ശ്രദ്ധയില്‍പെട്ട ഉടന്‍ തന്നെ വിമാനം വഴിതിരിച്ചു വിട്ട് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തിര ലാന്‍ഡിങ്ങിന് നിര്‍ദേശം നല്‍കുകയായിരുന്നു. എന്നാല്‍, ഇറങ്ങുന്ന സമയത്ത് വിമാനത്തില്‍ ആവശ്യമുള്ളതിലധികം ഇന്ധനം ഉള്ളത് അപകടത്തിന് കാരണമായേക്കാം എന്നതിനാല്‍ തന്നെ ഇന്ധനം തീരുന്ന മുറയ്ക്ക് ലാന്‍ഡിംഗ് നടത്താനായിരുന്നു തീരുമാനം.
തുടര്‍ന്ന് തിരുവനതപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ്ങിനായുള്ള നിര്‍ദേശം കൊടുത്തു. എല്ലാ വിധ സജീകരങ്ങളും ഒരുക്കി. ആശങ്കക്കുള്ള യാതൊരു സാഹചര്യവും നിലവിലെന്ന് അധികൃതര്‍ അറിയിച്ചു. 11.03നായിരുന്നു ലാന്‍ഡിങ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ അത് സാധിച്ചില്ല. തുടര്‍ന്ന് 12.15 ഓടെ നിലത്തിറക്കി. തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം കോവളം ഭാഗത്ത് ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധനം കടലിലൊഴുക്കിക്കളഞ്ഞ ശേഷമാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്.
മറ്റു വിമാനങ്ങളുടെ ടേക്ക് ഓഫും ലാന്‍ഡിങും നിര്‍ത്തിവെച്ച ശേഷമാണ് എയര്‍ ഇന്ത്യ വിമാനം അടയന്തിര ലാന്‍ഡിംഗ് നടത്തിയത്. വിമാനത്തില്‍ 168 യാത്രക്കാരുണ്ടെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു. രണ്ടര മണിക്കൂര്‍ നീണ്ട ഉദ്വേഗരംഗങ്ങള്‍ക്കൊടുവില്‍ വിമാനം അടിയന്തര ലാന്‍ഡിങ് നടത്തിയതോടെ വിമാനത്താവള അധികൃതരും ആശ്വാസത്തിലായി.