തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലാദ്യമായി സംഘടിപ്പിക്കുന്ന സമ്മോഹന്‍ ദേശീയ ഭിന്നശേഷി കലാമേളയ്ക്ക് നാളെ (ശനി) തിരശ്ശീല ഉയരും. ഉച്ചയ്ക്ക് 12ന് നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സാമൂഹ്യനീതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ് പങ്കെടുക്കും. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ സ്വാഗതവും മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഐ.എ.എസ് നന്ദിയും പറയും.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലുള്ള സാമൂഹ്യനീതി വകുപ്പുകളുടെ സഹകരണത്തോടെയാണ് കലാമേള സംഘടിപ്പിക്കുന്നത്. കലാമേള ഞായറാഴ്ച്ച സമാപിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തില്‍പ്പരം ഭിന്നശേഷിക്കുട്ടികളാണ് പങ്കെടുക്കുന്നത്. രാവിലെ 7 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. 10ന് ധന്യാരവിയുടെ മോട്ടിവേഷന്‍ ക്ലാസോടെ പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികളുടെ കലാവിരുന്ന് നടക്കും.
ഉച്ചയ്ക്ക് 12ന് ബാംഗ്ലൂരില്‍ നിന്നെത്തിയ ഭിന്നശേഷി കലാകാരന്മാരുടെ വീല്‍ ചെയര്‍ ഡാന്‍സോടെ ഉദ്ഘാടന സമ്മേളനത്തിന് തുടക്കമാകും. വൈകുന്നേരം 3 മുതല്‍ വിവിധ വേദികളില്‍ നൃത്തം, സംഗീതം, ഉപകരണ സംഗീതം, ചിത്രരചന, മാജിക്, മൈം തുടങ്ങിയ ഇനങ്ങള്‍ അവതരിപ്പിക്കും. മേളയില്‍ കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എംപവര്‍മെന്റ് ഓഫ് പേഴ്‌സണ്‍സ് വിത്ത് ഡിസെബിലിറ്റീസിന് കീഴിലുള്ള രാജ്യത്തെ 9 നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നുള്ള കുട്ടികളും പങ്കെടുക്കും.
കലാപ്രദര്‍ശനങ്ങള്‍ക്ക് പുറമെ ഭിന്നശേഷി സമൂഹത്തിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്‌കരിച്ചിട്ടുള്ള വിവിധ പദ്ധതികളെക്കുറിച്ച് ബോധ്യപ്പെടുത്തുന്ന വിഭാഗങ്ങള്‍, ഭിന്നശേഷിക്കാരുടെ പരിപാലനവുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസുകള്‍, സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. അപാരമായ കഴിവുകള്‍ ഉള്ളിലൊളിപ്പിച്ച് സമൂഹത്തിന്റെ ഒരുകോണില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഭിന്നശേഷി വിഭാഗത്തെ മുഖ്യധാരയിലേയ്ക്ക് ഉയര്‍ത്തുന്നതിനും തുല്യനീതി ഉറപ്പാക്കുന്നതിനുമാണ് സമ്മോഹന്‍ എന്ന കലാമേള ലക്ഷ്യമിടുന്നത്.